ഫൈനലിൽ കർണാടകയുടെ പ്രകാർ ചതുർവേദി പുറത്താകുന്നു. Photo: X@Ankit

ബെംഗളൂരു∙ ആഭ്യന്തര ടൂർണമെന്റായ സി.കെ. നായിഡു ട്രോഫി ഫൈനലിനിടെ വിക്കറ്റ് കീപ്പർ കൈവിട്ടുകളഞ്ഞ പന്തിനും ഔട്ട് വിളിച്ച് അംപയര്‍. അണ്ടർ 23 ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ഉത്തർപ്രദേശും കർണാടകയും ഏറ്റുമുട്ടുമ്പോഴായിരുന്നു അംപയർക്ക് അബദ്ധം പറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അംപയർ സി.എച്ച്. രവികാന്ത് റെഡ്ഡിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ഉയരുകയാണ്. വിക്കറ്റ് കീപ്പർ പന്തു വിട്ടുകളഞ്ഞെന്നു ബോധ്യമായിട്ടും തീരുമാനം പിന്‍വലിക്കാൻ അംപയർ കൂ‍ട്ടാക്കിയതുമില്ല.

യുപി പേസർ കുനാൽ ത്യാഗിയുടെ പന്തിൽ കർണാടകയുടെ ഓപ്പണിങ് ബാറ്റർ പ്രകാർ ചതുർവേദിയാണു പുറത്തായത്. പന്ത് പുൾ ഷോട്ട് ചെയ്യാൻ ശ്രമിച്ച പ്രകാറിന് പിഴയ്ക്കുകയായിരുന്നു. പന്ത് എഡ്ജ് ചെയ്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കുപോയി. എന്നാൽ യുപി കീപ്പർ ആരാധ്യ യാദവിന്റെ കൈകളിൽനിന്ന് പന്ത് താഴെവീഴുകയായിരുന്നു. ഇതിനു മുൻപ് തന്നെ കർണാടക ബാറ്റർ ഔട്ടാണെന്ന് അംപയർ വിളിച്ചിരുന്നു.

മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്സിലെ ലീഡിന്റെ പിൻബലത്തിൽ കർണാടക ചാംപ്യൻമാരായി. കർണാടക ആദ്യമായാണ് സി.കെ. നായിഡു ട്രോഫി കിരീടം നേടുന്നത്. ആദ്യ ഇന്നിങ്സിൽ കർണാടക 358 റൺസെടുത്തപ്പോൾ യുപിയുടെ മറുപടി 139 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 585 റൺസാണ് ആതിഥേയര്‍ നേടിയത്. ഉത്തർപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സെടുത്തു.