പത്മിനി തോമസ്

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് അംഗവുമായ പത്മിനി തോമസ് ബിജെപി യിലേക്ക്. അവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മുന്‍ കായിക താരവും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

ഇന്ന് തിരുവനന്തപുരത്തുവച്ച് അവര്‍ ബിജെപി അംഗത്വം എടുക്കും. ഇതിനൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവര്‍ത്തകരും ബിജെപിയില്‍ ചേരും. വട്ടിയൂര്‍ക്കാവ് മേഖലയില്‍ നിന്നുള്ള കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വമെടുക്കുമെന്നാണ് സൂചന.

പദ്മജ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ കരുണാകാരനുമായി അടുപ്പമുണ്ടായിരുന്നവരെയും നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നവരെയും ബിജെപി ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ കൂടുമാറ്റം. അതേസമയം പത്മിനി തോമസ് പാര്‍ടി വിടുന്നത് സംബന്ധിച്ച് പ്രതികരണം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ ഒരു മുന്‍ എം.എല്‍.എയെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട് എന്നാണ് പുതിയ വിവരം.