റിയാദ് സീസൺ കപ്പ് ട്രോഫിയുമായി അൽ ഹിലാൽ താരങ്ങൾ | AP

റിയാദ്: മുൻനിര ക്ലബ്ബ് ഫുട്‌ബോളിലെ തുടർവിജയങ്ങളിൽ റെക്കോഡിട്ട് സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ ഹിലാൽ. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ അൽ ഇത്തിഹാദിനെ തോൽപ്പിച്ചപ്പോൾ (4-0) അത് ടീമിന്റെ തുടർച്ചയായ 28-ാം ജയമായിരുന്നു. 2016-ൽ വെയ്ൽസ് ടീം ന്യൂസെയ്ന്റ്‌സ് 27 തുടർവിജയങ്ങളോടെ സൃഷ്ടിച്ച റെക്കോഡാണ് മാഞ്ഞുപോയത്.

സെപ്റ്റംബർ 21-ന് ഡാമക്കുമായി സമനിലപാലിച്ചശേഷം അൽ ഹിലാൽ കളിച്ച എല്ലാമത്സരങ്ങളിലും ജയിച്ചു. ഇതിൽ 16 സൗദി ലീഗ് മത്സരങ്ങളും ഒമ്പത് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും മൂന്ന് ആഭ്യന്തരകപ്പ് മത്സരങ്ങളുമുണ്ട്. സൗദി ലീഗിൽ 12 പോയിന്റ് ലീഡോടെ ടീം കിരീടത്തിലേക്ക് കുതിക്കുന്നു. 28 കളിയിൽ ടീം 81 ഗോൾ അടിച്ചുകൂട്ടി. ഇതിൽ 26 ഗോൾ മുന്നേറ്റനിരതാരം അലക്‌സാണ്ടർ മിട്രോവിച്ചിന്റെ വകയാണ്. സൂപ്പർ താരം നെയ്മർ പരിക്കുമൂലം പുറത്തിരുന്നിട്ടും കരുത്തുചോരാതെ കളിക്കാനായി. യോർഗെ ജെസ്യൂസാണ് പരിശീലകൻ.