Mathew Oommen | Photo: GSMA

ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിന് മതിയായ സ്‌പെക്ട്രം അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍. ആഗോളമേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഒരു ഉപഭോക്താവിന് കുറഞ്ഞ സ്‌പെക്ട്രം ഉപയോഗിച്ചാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഇ.ടി ടെലികോം 5ജി 6ജി കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഓരോ ഉപഭോക്താവിനും കുറഞ്ഞ അളവിലുള്ള സ്‌പെക്ട്രത്തിലാണ് സേവനം നല്‍കിവരുന്നത്. പ്രത്യേകിച്ചും സബ്-ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തില്‍, നാം ഒരിക്കലും പിന്നോക്കം പോവരുതെന്നും മാത്യു ഉമ്മന്‍ പറഞ്ഞു.

ഭാരതി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവരടങ്ങുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (സിഒഎഐ) ഭാവിയില്‍ 5ജി, 6ജി സേവനങ്ങള്‍ സുഗമമായി നല്‍കുന്നതിന് അധിക സ്‌പെക്ട്രം ആവശ്യപ്പെട്ടു.

“ജിയോയുടെ 5ജി സെല്ലുകളുടെ വിന്യാസം ദ്രുതഗതിയിലായിരുന്നു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറും കണക്ടിവിറ്റി ഇന്‍ഫ്രാസ്ട്രക്ചറും ജിയോ നിര്‍മിച്ചു. ഇനി ഒരു എഐ ജിപിയു ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മാണത്തിന് വേണ്ടിയുള്ള ജോലികളിലാണ്.” മാത്യു ഉമ്മന്‍ പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളുടെ ആവശ്യങ്ങള്‍ നിറവേറ്റുംവിധം ഇന്ത്യയുടെ ടെലികോം രംഗത്തിന് അധികൃതരുടെ പിന്തുണവേണമെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.

400-ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. 5ജി, നെറ്റ്‌വര്‍ക്ക് പരിവര്‍ത്തനം, ഭാവി സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളില്‍ 40-ഓളം പ്രഭാഷകരും പരിപാടിയില്‍ സംസാരിച്ചു.