തൊട്ടിൽപാലത്ത് എംഡിഎംഎയുമായി പിടിയിലായ സിറാജും സജീറും

കോഴിക്കോട്∙ തൊട്ടിൽപാലത്ത് വൻ ലഹരി മരുന്ന് വേട്ട. കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആറേ മുക്കലോടെ കുറ്റ്യാടി ചുരത്തിലെ തൊട്ടിൽ പാലം ചാത്തൻകോട്ട് നടയിൽ വച്ചാണ് ഇവർ പിടിയിലായത്.

മൈസൂരുവിൽ നിന്നും വാങ്ങിയ 96.680 ഗ്രാം എംഡിഎംഎ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷൻ– മയക്കു മരുന്നു സംഘത്തിൽപ്പെട്ടായാളാണ് സിറാജെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിലും ഇയാൾ പ്രതിയാണ്. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടവും നടത്തിയിരുന്നത്. സജീർ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വന്ന്‌ സിറാജിന്റെ കൂടെ ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് അഞ്ചു ലക്ഷം രൂപ വില വരും.