കേരള സർവകലാശാല

തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ യുവജനോത്സവവുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത അധ്യാപകര്‍. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ നല്‍കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി രണ്ടും മൂന്നു പ്രതികളാക്കി കേസെടുത്തതില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടാണ് ജോമറ്റ്, സൂരജ് എന്നീ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കോഴ വാങ്ങി ഫലം അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.

കേസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്ത പി.എന്‍.ഷാജിയെ ബുധനാഴ്ച കണ്ണൂരിലെ വീട്ടില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. യുവജനോത്സവ വേദിയില്‍ കോളേജുകള്‍ തമ്മിലുള്ള വൈരത്തിന് ഇരയാവുകയായിരുന്നു ഷാജിയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പോലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോകുമ്പോഴും താന്‍ നിരപരാധിയാണെന്ന് ഷാജി വിളിച്ചുപറഞ്ഞിരുന്നു.

കലോത്സവത്തിലെ ആദ്യ ഇനമായ മാര്‍ഗംകളിയിലാണ് ഷാജി വിധികര്‍ത്താവായിരുന്നത്. ഈ സമയം വിധികര്‍ത്താക്കളുടെ ഫോണിലേക്കു നിരന്തരം കോളുകളും സന്ദേശങ്ങളും വന്നുവെന്നും ഈ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ കോഴ വാങ്ങിയെന്നു വ്യക്തമായി എന്നുമാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്.