പ്രതീകാത്മകചിത്രം.

ആലപ്പുഴ: ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് കൊല്ലക്കടവ് ചെറുവല്ലൂരിലാണ് സംഭവം. ചെറുവല്ലൂര്‍ തെക്കേപ്പടിറ്റതില്‍ വീട്ടില്‍ ശംഭുസോമ(36)നാണ് മരിച്ചത്.

സമീപവാസിയായ നെടുവക്കാട്ട് വീട്ടില്‍ കൊച്ചുമോനാണ് കിണര്‍ വൃത്തിയാക്കാനിറങ്ങിയത്. 22 തൊടികളുള്ള കിണറ്റില്‍ ആറു തൊടിയിലേറെ വെള്ളമുണ്ടായിരുന്നു. കിണറിലിറങ്ങി താഴെ എത്തിയപ്പോള്‍ മുതല്‍ കൊച്ചുമോന് ശ്വാസം മുട്ടി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട നിലയിലായപ്പോഴാണ് രക്ഷിക്കാനായി ശംഭുസോമന്‍ ഇറങ്ങിയത്. ഇറങ്ങുന്നതിനിടയില്‍ ശംഭു ശ്വാസം നഷ്ടപ്പെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

ആദ്യം ചെങ്ങന്നൂര്‍ അഗ്നിരക്ഷാനിലയവുമായി ബന്ധപ്പെട്ടെങ്കിലും യൂണിറ്റുകൾ മറ്റിടങ്ങളിലായിരുന്നു. തുടര്‍ന്ന് മാവേലിക്കരയില്‍ വിവരം അറിയിച്ചതനുസരിച്ച് അവിടെ നിന്നുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.