തമ്പാനൂർ സതീഷ് | Photo: http://www.facebook.com/ThampanoorSatheeshOnline
തിരുവനന്തപുരം: വെല്ലുവിളികള്‍ പല കേന്ദ്രങ്ങളില്‍ നിന്നുമുയര്‍ന്നതിനെ തുടര്‍ന്നാണ് ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചതെന്ന് മുന്‍ ഡിസിസി സെക്രട്ടറി തമ്പാനൂര്‍ സതീഷ്. ബിജെപി അംഗമായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സതീഷിന്റെ പ്രതികരണം. ഡിസിസിയില്‍ നിന്ന് രാജിവെച്ചതിന് ശേഷം സംഘിയാകാനോ സഖാവാകാനോ താനില്ലെന്ന് തമ്പാനൂര്‍ സതീഷ് പറഞ്ഞിരുന്നു. ഇതിനേപ്പറ്റി ചോദിച്ചപ്പോളാണ് സതീഷിന്റെ പ്രതികരണം.
കെ. കരുണാകരന്‍ മരിച്ചതിന് ശേഷം കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മോശമായി. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ടുപോകുന്നതില്‍ പലകാര്യങ്ങളും ചോദിക്കേണ്ടിവന്നിട്ടുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കൊന്നും കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മറുപടി ലഭിച്ചില്ല. അതിന്റെ പ്രതിഷേധം കൂടിയുണ്ട്. തെറ്റായ പ്രവണത കെപിസിസിയുടെ ഭാഗത്തുനിന്നുണ്ടായതും പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.
ചിലര്‍ വിട്ടുപോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ചില നേതാക്കള്‍ പ്രസ്താവിച്ച് കണ്ടത്. എന്നാല്‍ ഇത് തുടക്കം മാത്രമാണ്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും കഷ്ടപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരൊക്കെ പുറത്തും നേതാക്കള്‍ അകത്തും നില്‍ക്കുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. കഷ്ടപ്പെട്ട് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച പ്രവര്‍ത്തകര്‍ക്ക് ഒരു ജോലിപോലും നല്‍കാന്‍ കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തയ്യാറായില്ലെന്നും സതീഷ് ആരോപിച്ചു.
‘കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതാക്കള്‍ വീട്ടില്‍ പോലും കയറ്റില്ല. അവര്‍ ഏത് രീതിയില്‍ ജീവിക്കുന്നുവെന്ന് അന്വേഷിക്കുകപോലും ചെയ്യാത്ത നേതൃത്വമായി അവര്‍ മാറി. ഇ.പി ജയരാജന്‍ പറഞ്ഞിട്ടാണ് ബിജെപിയിലേക്ക് കോണ്‍ഗ്രസുകാര്‍ പോകുന്നതെന്നാണ് ഇപ്പോള്‍ പറയുന്നത്. ആരാണ് പറഞ്ഞതെങ്കിലും അത് പറയാന്‍ നാണമില്ലെ? മോദിയുടെ ഗ്യാരന്റിയാണ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്.
‘ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നാണ് ഇ.പി. ജയരാജന്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ മോശമായതുകൊണ്ടല്ലെ അങ്ങനെ പറയേണ്ടിവന്നത്. ഒരുകാര്യം പറയാം, കേരളത്തിലെ എല്ലാ കാലത്തും ഒരു കാലത്ത് നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ സീറ്റ് കിട്ടിയാല്‍ മരണംവരെ അതില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കും ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപിയുടെ മുന്നേറ്റം ശക്തമായി ഉണ്ടാകും.’
ഇനിയും മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലെത്തും. കെ. കരുണാകരനെ സ്നേഹിക്കുന്ന കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് വരും. അതില്‍ ഒരു സംശയവുമില്ല. തന്നെ ഇനിയും പരിഗണിക്കാമെന്നൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍നിന്ന് അപകടത്തില്‍പ്പെടാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് സ്വയം പിരിഞ്ഞുപോയത്. ഒരു നേതാക്കളെയും ആക്ഷേപിക്കാനോ അവരുടെ പേരുകള്‍ വെളിപ്പെടുത്താനോ ഇപ്പോള്‍ തയ്യാറാകുന്നില്ല. എന്നെ പല നേതാക്കളും വിളിച്ചിരുന്നു. അവരോടെല്ലാം ഞാന്‍ പറഞ്ഞിരുന്നു, ഇനി തിരിച്ചുപോക്കില്ലെന്ന്. അവഗണിച്ച ഒരു വ്യക്തിയെ തിരിച്ചുവിളിക്കുന്നത് മര്യാദകേടാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15 വര്‍ഷക്കാലമായി തിരുവനന്തപുരത്തുനിന്ന് മത്സരിച്ച് ജയിച്ച ശശി തരൂര്‍ വികസനം കൊണ്ടുവന്നുവെന്നാണ് അവകാശപ്പെടുന്നത്. 15 വര്‍ഷമായി അദ്ദേഹം എയറിലാണ്. സാധാരണക്കാരനായ പ്രവര്‍ത്തകനെ വീട്ടില്‍ കയറ്റില്ല. ഓഫീസില്‍ കയറ്റില്ല. അവരെ അവഗണിക്കുക മാത്രമല്ല അപമാനിക്കുകയും ചെയ്യുകയാണ്. ബ്ലോക്ക് പ്രസിഡന്റുമാരെയും ഡിസിസി ഭാരവാഹികളെയും അവഗണിച്ചു. മുന്‍ എംഎല്‍എമാരെവരെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞവര്‍ഷം സമരം ചെയ്തപ്പോള്‍ അവരെ തിരിഞ്ഞുനോക്കാന്‍ ശശി തരൂര്‍ തയ്യാറായില്ല. ലത്തീൻ സഭയുടെ സമാദരണീയനായ യൂജിന്‍ അച്ചന്‍ സഹായം അഭ്യര്‍ഥിച്ചിട്ടും എംപി തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല, സമരത്തെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ് ശശി തരൂര്‍ ചെയ്തത്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളി മേഖലയിലുള്ള സഹോദരങ്ങള്‍ അവരുടെ പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
