ഓട്ടോയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിന് പിഴയടച്ച രശീതും ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി മുമ്പാകെ പോലീസ് നൽകിയ റിപ്പോർട്ടുമായി എൻ.ആർ. നാരായണൻ.
എറണാകുളത്തെ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി പണി ചെയ്ത് ഇന്‍ഷുറന്‍സിനുള്ള തുക ശരിയാക്കി. രണ്ടുമാസത്തിനുശേഷം സ്റ്റേഷനിലേക്കു ചെന്നപ്പോഴാണ് തകര്‍ത്ത ഓട്ടോ കണ്ടത്.
കല്പറ്റ: ഇന്‍ഷുറന്‍സ് അടവ് തെറ്റിയതിന് മേപ്പാടി പോലീസ് ഓട്ടോ പിടിച്ചെടുത്ത അന്നുതുടങ്ങിയ ഓട്ടപ്പാച്ചിലിലാണ് ഇപ്പോഴും മൂപ്പനാട് മുക്കീല്‍പ്പിടിക സ്വദേശി എന്‍.ആര്‍. നാരായണന്‍. 2018 ഡിസംബറില്‍ പോലീസ് പിടിച്ചെടുത്ത ഓട്ടോ നാരായണനെ അറിയിക്കാതെ പോലീസ് പൊളിച്ച് തൂക്കിവിറ്റു. നഷ്ടപരിഹാരം തേടി അന്നുമുതല്‍ ഇദ്ദേഹം ചെന്നുമുട്ടാത്ത വാതിലുകളില്ല. ”രണ്ടുലക്ഷംരൂപയുടെ ഓട്ടോയ്ക്ക് പതിനായിരം രൂപ തരാമെന്നാണ് പോലീസ് പറഞ്ഞത്. ഞാനതു വാങ്ങണോ. നിങ്ങള്‍ പറയൂ” -വഴിമുട്ടിയ ജീവിതത്തിനുമുന്നില്‍നിന്ന് നാരായണന്‍ ചോദിക്കുന്നു.
1989 മുതല്‍ ഞാന്‍ ഓട്ടോ ഓടിക്കുന്നതാണ്. വായ്പയെടുത്താണ് ഇതിനിടെ ഓട്ടോ വാങ്ങിയത്. 2018-ലാണ് പോലീസ് പരിശോധനയ്ക്കിടെ ഓട്ടോ പിടിച്ചെടുക്കുന്നത്. ആയിരം രൂപ പിഴയടച്ച് ഇന്‍ഷുറന്‍സ് രേഖയുമായി എത്തിയാല്‍ വിട്ടുതരാമെന്നും പറഞ്ഞു. എറണാകുളത്തെ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി പണി ചെയ്ത് ഇന്‍ഷുറന്‍സിനുള്ള തുക ശരിയാക്കി. രണ്ടുമാസത്തിനുശേഷം ഒരു ഇന്‍ഷുറന്‍സ് ഏജന്റിനെയും കൂട്ടി സ്റ്റേഷനിലേക്കു ചെന്നപ്പോഴാണ് മണ്ണുമാന്തിയന്ത്രംകൊണ്ട് തകര്‍ത്ത ഓട്ടോ കണ്ടത്. എന്താ സാറന്മാരേ എന്നു ചോദിച്ചപ്പോള്‍, പേടിപ്പിക്കുകയായിരുന്നു. ഓട്ടോ നശിപ്പിക്കുംമുമ്പ് പോലീസുകാര്‍ക്ക് എന്നെയോ വീട്ടുകാരെയോ ഒന്നു വിളിക്കാമായിരുന്നു. ഇപ്പോഴും അതാണ് സങ്കടം -നാരായണന്‍ പറയുന്നു.
പിന്നാലെ ഞാനൊരു വക്കീലിനെ കണ്ടു. അദ്ദേഹം ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ച്ചെന്ന് പരാതി നല്‍കാന്‍ പറഞ്ഞു. അതുപ്രകാരം അതോറിറ്റിയില്‍നിന്ന് ഒരു വക്കീലിനെയും ശരിയാക്കിത്തന്നു. തുടര്‍ന്നുനടന്ന സിറ്റിങ്ങില്‍ ഉടമ തേടിയെത്താത്തതിനാല്‍ 2022 മേയില്‍ വാഹനം ലേലംചെയ്‌തെന്നാണ് പോലീസ് മൊഴിനല്‍കിയത്.
വാഹനം വീണ്ടെടുത്തുതരാനോ നഷ്ടപരിഹാരം നല്‍കാനോ സാധിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. പതിനായിരം രൂപ വ്യക്തിപരമായി നല്‍കാമെന്ന് പോലീസുകാരന്‍ അറിയിച്ചെങ്കിലും നാരായണന്‍ അതു വേണ്ടെന്നുവെച്ചു. പിന്നീട് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും തനിക്ക് ഇതുവരെ നീതി കിട്ടിയില്ലെന്ന് നാരായണന്‍ പറയുന്നു.
ഉപജീവനമാര്‍ഗം തകര്‍ന്നതോടെ ജീവിതമാകെ പ്രതിസന്ധിയിലായെന്ന് നാരായണന്‍ പറഞ്ഞു. ഹോട്ടലുകളിലും ചായക്കടകളിലും സഹായിയായി ജോലിചെയ്തും ഭാര്യ കൂലിപ്പണിയെടുത്തുമാണ് കുടുംബം മുന്നോട്ടുപോയത്. ഇനിയൊരു ഓട്ടോ വാങ്ങാന്‍ തനിക്ക് ശേഷിയില്ല. പക്ഷേ, അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാരായണന്റെ ആവശ്യം.
