മഹേന്ദ്ര സിങ് ധോണി പരിശീലനത്തിനിടെ. Photo: FB@ChennaiSuperKings
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരായ വാർഷിക പരീക്ഷ എ പ്ലസ് ഗ്രേഡോടെ പാസായ ടീം ഇന്ത്യ ‘അവധിക്കാലത്തിലേക്ക്’ കടക്കുകയാണ്. അവധിക്കാലം ആഘോഷമാക്കാൻ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ ട്വന്റി20) എത്തിക്കഴിഞ്ഞു. 22 ന് ചെന്നൈയിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തോടെ ഐപിഎൽ 17–ാം സീസണ് തുടക്കമാകും.
തല & കമ്പനി
ഐപിഎൽ എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് അവരുടെ സ്വന്തം ‘തല’ എം.എസ്.ധോണിയെ ആഘോഷിക്കാൻ കിട്ടുന്ന അവസരമാണ്. പരിശീലന സെഷനുകൾ മുതൽ ഓരോ മത്സരത്തിലും ധോണിയെ കാണാൻ മാത്രം സ്റ്റേഡിയത്തിൽ എത്തുന്നവരുണ്ട്. വിജയ് ചിത്രം ‘ലിയോ’യിലെ മാസ് സീൻ ഓർമിപ്പിക്കും വിധമാണ് ഇത്തവണ പരിശീലനത്തിനെത്തിയ ധോണിയെ ചെന്നൈയുടെ സോഷ്യൽ മീഡിയ ടീം അവതരിപ്പിച്ചത്. തന്റെ പഴയകാല ലുക്കിനെ ഓർമിപ്പിക്കും വിധം നീളൻ മുടി സ്റ്റൈലിലാണ് ഇത്തവണ ധോണി ഐപിഎലിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
കോലി വരുമോ?
ഈ സീസണിൽ തങ്ങളുടെ സൂപ്പർ താരം വിരാട് കളിക്കുമോ എന്ന ആകാംക്ഷയിലാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർ. വ്യക്തിപരമായ കാരണങ്ങൾ ഇക്കഴിഞ്ഞ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നു കോലി വിട്ടുനിന്നിരുന്നു. ഇതോടെ ഐപിഎലിലും കോലി കളിച്ചേക്കില്ല എന്ന അഭ്യൂഹങ്ങൾ പരന്നു. ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറിയെങ്കിലും ബാംഗ്ലൂർ ടീമിന്റെ മുഖ്യതാരം ഇപ്പോഴും കോലി തന്നെയാണ്. സീസണിൽ കോലി കളിക്കുമോ എന്ന കാര്യത്തിൽ ബാംഗ്ലൂർ മാനേജ്മെന്റോ കോലിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിരാട് കോലി
പുതിയ മുഖം
ഒട്ടേറെ പുതിയ ക്യാപ്റ്റൻമാരുമായാണ് ടീമുകൾ എത്തുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ഐപിഎലിനുണ്ട്. മുംബൈ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയപ്പോൾ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുന്നു. പാറ്റ് കമിൻസാണ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ശുഭ്മൻ ഗിൽ അരങ്ങേറും.
പരുക്കിന്റെ കുരുക്ക്
പരുക്കു മൂലം ചില സൂപ്പർ താരങ്ങൾ ഇത്തവണയും ഐപിഎലിന് ഉണ്ടാവില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗുജറാത്ത് ടൈറ്റൻസ് പേസർ മുഹമ്മദ് ഷമിക്ക് ഈ സീസൺ പൂർണമായും നഷ്ടമാകും. മുംബൈ താരം സൂര്യകുമാർ യാദവ്, ഗുജറാത്തിന്റെ മാത്യു വെയ്ഡ്, ചെന്നൈ താരം ഡെവൻ കോൺവേ, ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ തുടങ്ങിയവർ സീസണിന്റെ തുടക്കത്തിൽ ഉണ്ടാകില്ല.
പന്ത് പെർഫക്ട്
കാറപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷത്തോളമായി ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ഋഷഭ് പന്ത് ഈ ഐപിഎലിലൂടെ തിരിച്ചെത്തും. പന്ത് ടീമിലുണ്ടാകുമെന്ന് ഡൽഹി ക്യാപിറ്റൽസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പന്ത് ശരീരക്ഷമത വീണ്ടെടുത്തതായി ബിസിസിഐ സെക്രട്ടറി ജയ് ഷായും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂണിൽ ട്വന്റി20 ലോകകപ്പ് തുടങ്ങാനിരിക്കെ, ദേശീയ ടീമിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് ഈ സീസണിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും.

ഋഷഭ് പന്ത്
മുംബൈയുടെ സങ്കടം
മുൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇന്ത്യൻസ് ഇത്തവണ എത്തുന്നത്. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയതിനു പിന്നാലെ മുംബൈയുടെ സോഷ്യൽ മീഡിയ പേജുകളിൽ ആരാധകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ പ്രതിഷേധം സ്റ്റേഡിയത്തിലേക്കും വ്യാപിക്കുമോ എന്ന ആശങ്ക മുംബൈ ടീം അധികൃതർക്കുണ്ട്. ഇതിനു പുറമേ, രോഹിത് ടീം വിട്ടേക്കുമെന്നുള്ള വാർത്തകൾ അടിക്കടി പ്രചരിക്കുന്നതും ആരാധകരെ ആശങ്കയിലാഴ്ത്തുന്നു.

രോഹിത് ശർമ
