പിണറായി വിജയൻ

പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക വിലയിരുത്തുന്നതും ഉന്നതതല യോഗം ചര്‍ച്ചചെയ്യും.

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രൂപവത്കരിച്ച ഉന്നതാധികാര സമിതി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 10.30- നാണ് യോഗം. മുഖ്യമന്ത്രിക്ക് പുറമെ വനം, തദ്ദേശ സ്വയംഭരണം, റെവന്യൂ, പിന്നാക്കക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നകാര്യം യോഗം ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ ശശീന്ദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിരപ്പിള്ളിയിലെ ആന അവശനിലയിലാണ്. കോടനാട് നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആനയെ പരിശോധിക്കും. ആനയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കാട്ടില്‍നിന്ന് ആന ഇറങ്ങുന്നത് പ്രതിരോധ നടപടിയിലൂടെ മാത്രം ഇല്ലാതാക്കാന്‍ കഴിയില്ല. ആവാസവ്യവസ്ഥയില്‍തന്നെ അവയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍കൂടി വേണം. ഇതും യോഗം ചര്‍ച്ച ചെയ്യും.

കക്കയത്തെ കാട്ടുപോത്തനെ പിടിക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്നോട്ട് പോയിട്ടില്ല. ഉചിതമായ സ്ഥലത്തുവെച്ച് മാത്രമേ വെടിവെക്കാന്‍ കഴിയൂ. നിരീക്ഷണം കൃത്യമായി നടക്കുന്നുണ്ട്. കാട്ടുപോത്തിനെ പിടിക്കാനുള്ള ശ്രമത്തെ കുറച്ചുകാണരുത്. പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക വിലയിരുത്തുന്നതും ഉന്നതതല യോഗം ചര്‍ച്ചചെയ്യും – മന്ത്രി പറഞ്ഞു.