ഡോ. എം.അബ്ദുൾസലാം | Photo: facebook.com/bjp4malappuram & facebook.com/DrAbdulSalamofficial

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഏക മുസ്ലീം സ്ഥാനാര്‍ഥിയായിരുന്നു ഡോ. എം.അബ്ദുള്‍സലാം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എം.അബ്ദുള്‍ സലാമിനെ കളത്തിലിറക്കി മലപ്പുറം മണ്ഡലത്തില്‍ മുന്നേറ്റം നടത്താമെന്നാണ് ബി.ജെ.പി.യുടെ കണക്കുക്കൂട്ടല്‍. ആളും ആരവവുമായി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുമ്പോള്‍ മലപ്പുറത്തെ പ്രതീക്ഷകളും തന്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

മലപ്പുറത്തെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്…

പാര്‍ട്ടി നടത്തിയ സര്‍വേ അനുസരിച്ചാണ് മലപ്പുറത്ത് സ്ഥാനാര്‍ഥിയായത്. ഇത് എനിക്കൊരു ചലഞ്ചാണ്. അതുപോലെ ഒരു രസവുമാണ്. എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ് മലപ്പുറം. മലപ്പുറത്തുകാരെല്ലാം നല്ലവരാണ്. മുസ്ലിങ്ങളിൽ 99.99 ശതമാനവും സ്‌നേഹമുള്ളവരും വെണ്ണപോലെയുള്ളവരുമാണ്. കുറച്ചുപേര്‍ മാത്രമാണ് മറ്റുചില പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍. അവരെവച്ച് ബാക്കിയുള്ളവരെ അളക്കുന്നത് എന്തിനാണ്.

ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് മലപ്പുറം. ബി.ജെ.പി.യോട് മുഖംതിരിച്ചുനില്‍ക്കുന്ന ജനവിഭാഗമാണ് ഭൂരിഭാഗവും. ബി.ജെ.പി.യോട് എന്തോ വിരോധമുള്ളവരാണ് അവര്‍. ഇത് മാറ്റിയെടുക്കുകയും മോദി നിങ്ങളുടെ ശത്രുവല്ലെന്നും നിങ്ങളുടെ രക്ഷകനാണെന്നും അവരെ പറഞ്ഞ് മനസിലാക്കലുമാണ് ആദ്യത്തെ വെല്ലുവിളി. അവരുടെ മനസ്സില്‍ കിടക്കുന്ന ഇരുട്ടിനെ മോദിയുടെ വെളിച്ചം കൊണ്ട് വൃത്തിയാക്കണം. ഒരുവീട്ടില്‍പോലും മോദി സര്‍ക്കാരിന്റെ ഒന്നോ രണ്ടോ ഗുണഭോക്താക്കളാകാത്ത ആളുകളില്ല.

മലപ്പുറത്തെ ബി.ജെ.പി. പ്രതീക്ഷകള്‍…

മലപ്പുറത്തിന് എന്തെങ്കിലും നല്ലത് ചെയ്യാനാകുമെന്ന് കരുതിയാകും പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഇത്തവണ മലപ്പുറത്ത് ബി.ജെ.പി.ക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറം അംഗീകാരം കിട്ടാന്‍ സാധ്യതയുണ്ട്. വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥിക്കും ഇതൊരു അപൂര്‍വമായ സന്ദര്‍ഭമാണ്. അതിനാല്‍ ഇത് ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്ക് കൊള്ളാം. നമ്മള്‍ മാറിനിന്നാലും കേന്ദ്രത്തിലെ കാര്യങ്ങള്‍ കൃത്യമായി പോകും. മാറിനിന്ന് പ്രതിപക്ഷത്തിരുന്ന് ചീത്തവിളിക്കണോ അതോ കേന്ദ്രത്തിനൊപ്പംനിന്ന് ഭരണത്തിന്റെ ഭാഗമാകണോ എന്ന് നമ്മള്‍ ആലോചിക്കണം.

വോട്ട് കൂടുമോ….

ഇത്തവണ മലപ്പുറത്ത് ബി.ജെ.പി.ക്ക് വോട്ടുകൂടുമെന്ന് തീര്‍ച്ചയായും പ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ 69,000-ഓളം വോട്ട് കിട്ടി. അതിന് മുമ്പ് 82,000-ത്തോളവും. ജയിക്കുന്ന പാര്‍ട്ടിക്ക് കിട്ടുന്ന നാലോ അഞ്ചോ ലക്ഷം വോട്ട് നേടുകയെന്നത് ബി.ജെ.പിക്ക് ഇവിടെ ‘സിംപിള്‍ ടാസ്‌ക്’ അല്ല. പക്ഷേ, ഞാന്‍ ജയിക്കാന്‍ വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞതവണ കിട്ടിയ വോട്ടിന്റെ പത്തോ എഴുപതോ ശതമാനം വോട്ട് കൂടുതല്‍ കിട്ടിയാല്‍ തന്നെ പാര്‍ട്ടിക്ക് അത് നല്ലതാണ്.

വോട്ടര്‍മാര്‍ക്കുള്ള വാഗ്ദാനങ്ങള്‍…

മലപ്പുറത്തിനായി പ്രത്യേക വികസനപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. 2047 വികസിത ഭാരതമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രീയമായും സാങ്കേതികപരമായും എങ്ങനെ മലപ്പുറത്തെ വികസനം നടപ്പിലാക്കാമെന്ന് അതിലുണ്ടാകും.

മോദി മോഡല്‍ വികസനമാണ് പ്രചരണത്തിലെ പ്രധാന വാഗ്ദാനം. മോദി മുസ്ലിംങ്ങളുടെ രക്ഷാധികാരിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ ഗുണങ്ങളും നല്‍കി അദ്ദേഹം പത്തുവര്‍ഷം ഭരിച്ചു. സൗദിയിലോ യു.എ.ഇയിലോ കിട്ടുന്നതിനെക്കാള്‍ വലിയ സ്വാതന്ത്ര്യവും ഗുണങ്ങളും മുസ്ലീംങ്ങള്‍ക്ക് ഇവിടെകിട്ടും. പത്തുവര്‍ഷംകൊണ്ട് മോദി അത് കാണിച്ചുനല്‍കി. മോദിക്ക് കിട്ടിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളില്‍ ഏഴെണ്ണം മുസ്ലീം രാജ്യങ്ങളില്‍നിന്നാണ്.

വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ എനിക്ക് കൈ പോലും തരാത്ത ആള്‍ക്കാരുണ്ട്. നിങ്ങള്‍ക്ക് വോട്ട് തരില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്. അതേസമയം, സലാം സാറിന് തന്നെ വോട്ട് തരുകയുള്ളൂവെന്ന് പറയുന്നവരുമുണ്ട്. മലപ്പുറം മാറുന്നുണ്ട്. ഇവിടെ അസംതൃപ്തരായ ഒരുപാട് പേരുണ്ട്. ഇതൊരു പോസിറ്റീവ് സിഗ്‌നലാണ്.

ലീഗ് നോമിനിയായി വൈസ് ചാന്‍സലറായി, പിന്നീട് ബി.ജെ.പി.യില്‍ എത്തിയപ്പോള്‍…

മുസ്ലീംലീഗ് നോമിനിയായി വൈസ് ചാന്‍സലറായപ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരനായിരുന്നില്ല. ഒരു അക്കാദമിക് വിദഗ്ധനായിരുന്നു. രാഷ്ട്രീയക്കാരനായപ്പോള്‍ ലീഗുകാര്‍ എന്നോട് ‘കമോണ്‍’ എന്ന് പറഞ്ഞില്ല. അതിന്റെ പേരില്‍ ലീഗുകാരോട് ഞാന്‍ എന്തിനാണ് പിണങ്ങുന്നത്. അതേസമയം,അവിടെ ഒരു സൂര്യന്‍ ഉദിച്ചു. ആ സൂര്യന്റെ കൂടെ ഞാന്‍ ചേര്‍ന്നു. മോദിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏക സൂര്യന്‍. മോദി ഫാക്ടര്‍ മാത്രമാണ് ബി.ജെ.പി.യില്‍ ചേരാന്‍ കാരണം. മോദിയുടെ ‘വിഷന്‍’ ആണ് സ്വാധീനിച്ചത്.

സര്‍വകലാശാലയിലെ സംഭവബഹുലമായ കാലഘട്ടം…

കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കെ എസ്.എഫ്.ഐ. എനിക്കെതിരേ നാല്ലുകൊല്ലവും സമരത്തിലായിരുന്നു. സമരം മാത്രമേ അന്ന് നേരിടേണ്ടിവന്നിട്ടുള്ളൂ. വിദ്യാര്‍ഥികള്‍ മാത്രമല്ല, എല്ലാവരും എനിക്കെതിരായിരുന്നു. പക്ഷേ, അതിന്റെ കാരണം ആരും കൃത്യമായി വിശകലനം ചെയ്തില്ല. സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും മാത്രമാണ് ഞാന്‍ പിന്തുടര്‍ന്നത്. ഞങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കണം, മറ്റെയാളോട് ചേര്‍ന്ന് നില്‍ക്കരുതെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുക. മറുവിഭാഗവും ഇത് തന്നെ ആവശ്യപ്പെടും. ഞാന്‍ ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തുകൊടുത്തോ എന്ന് ചോദിച്ചുനോക്കൂ. കോളേജ് അനുവദിച്ചിട്ടുണ്ടെങ്കില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. പ്രൊമോഷന്‍ കൊടുത്തിട്ടുങ്കില്‍ യോഗ്യരായ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലുണ്ടായ സംഭവം നരഹത്യയാണ്. അത് എസ്.എഫ്.ഐ. അല്ല ആരും ചെയ്താലും അംഗീകരിക്കാനാകില്ല. ആ എസ്.എഫ്.ഐ.ക്കാരെ ആലോചിച്ച് സങ്കടം തോന്നുന്നു. ഇവരൊക്കെ ഇപ്പോഴേ ജീവിതം ഹോമിച്ചുകളയുന്നതിലാണ് വിഷമം.

വികസനം, കാഴ്ചപ്പാടുകള്‍…

വൈസ് ചാന്‍സലറായിരിക്കെ ഞാന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ അത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. എം.പി. ആയാല്‍ ആദ്യപരിഗണന എന്റെ ജനങ്ങള്‍ തന്നെയാണ്. ഭരണഘടന അനുസരിച്ചേ ഞാന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എം.പി. ആയാല്‍ വോട്ട് തരാത്തവരെ ഒരിക്കലും മാറ്റിനിര്‍ത്തില്ല. ഏറ്റവും താഴെത്തട്ടിലുള്ളവരെ അടക്കം എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്.

ബി.ജെ.പി. ഒരിക്കലും ശത്രുവല്ല, മോദി മുസ്ലീംങ്ങളുടെ രക്ഷാധികാരിയാണ്. മുസ്ലീംലീഗുകാര്‍ക്ക് പോലും ഇത് എന്‍.ഡി.എയില്‍ ചേരാന്‍ പറ്റിയ കൃത്യമായ സമയമാണ്. 2024 അല്ല, 29-ലും അതിനടുത്ത വര്‍ഷങ്ങളിലും ഈ വണ്ടി തന്നെ പോകും. ഈ വണ്ടി ഒരിക്കലും മറിയുകയില്ല. കേരളത്തിലിരുന്ന് കാണുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. കേന്ദ്രത്തില്‍ ഭരണം മാറില്ല. ഭരണത്തിലിരിക്കാന്‍ ആളെ അയക്കണോ പ്രതിപക്ഷത്തിരിക്കാന്‍ ആളെ അയക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.