അശ്വന്ത്, പ്രവീൺ

കണ്ണൂര്‍: ഗവ. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ വിദ്യാര്‍ഥികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തളികാരി ഹൗസില്‍ എം. പ്രവീണ്‍(23) കോള്‍മൊട്ട ചേനമ്പേത്ത് അശ്വന്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 5.2 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്തെ എന്‍ജിനീയറിങ് കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പില്‍ പ്രവേശിച്ച പ്രതികളെ വിദ്യാര്‍ഥികള്‍ തന്നെയാണ് വളഞ്ഞിട്ട് പിടികൂടിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഇവരില്‍നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു.

തളിപ്പറമ്പ് സി.ഐ ബെന്നി ലാല്‍, എസ്.ഐ.മാരായ പി.റഫീഖ്, ജെയ്‌മോന്‍, സി.പി.ഒ അരുണ്‍, ഡ്രൈവര്‍ ഷോബിത്ത്, റൂറല്‍ എസ്.പി യുടെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) അംഗങ്ങള്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഏറെനാളായി വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.