സുപ്രീംകോടതി | Photo:AFP
ന്യൂഡൽഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദംകേള്‍ക്കും.
എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കേണ്ടി വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. 19,000 കോടി രൂപ കടമെടുക്കാനുള്ള അധികാരം കേരളത്തിനുണ്ട്. വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സർക്കാരുകൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. അടുത്ത വ്യാഴാഴ്ച സർക്കാരുകളുടെ വാദം കേട്ടതിന് ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.
ധനപ്രതിസന്ധി മറികടക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളം വീണ്ടും കോടതിയിലെത്തിയത്. കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ മാർച്ച് 31-നകം ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിശാലമനസ്സോടെ വിഷയത്തെ സമീപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ ഏപ്രിൽ ഒന്നിനു അടിയന്തരസഹായമായി 5,000 കോടി നൽകാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് കണക്കിലെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിർദേശം കോടതി തള്ളിയിരുന്നു. തത്കാലം സഹായിക്കണമെന്നും ആ തുക അടുത്ത സാമ്പത്തികവർഷത്തെ കണക്കിൽ ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു.
15-ാം ധനകാര്യ കമ്മിഷൻ പ്രകാരം നൽകേണ്ട വിഹിതവും വിവിധ കേന്ദ്ര പദ്ധതികളുടെ തുകയും അനുവദിക്കുക, കടമെടുക്കൽ പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങൾ ഇളവുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസ് പിൻവലിക്കണമെന്ന വ്യവസ്ഥയിൽ കേരളത്തിന് 13,608 കോടി രൂപ അധികവായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
