ഷീന റാണി, 2. പരിഷ്കരിച്ച അഗ്നി-5 മിസൈലിന്റെ പരീക്ഷണം | Photo: 1. X (twitter) @girishjohar, 2. PTI

1999 മുതൽ ഡി.ആർ.ഡി.ഒുടെ ഭാഗമാണ് ഷീന റാണി.

തിരുവനന്തപുരം: ‘മിസൈല്‍ മാന്‍’ എന്നാണ് മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍കലാമിനെ നമ്മള്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു ‘മിസൈല്‍ വുമണ്‍’ ആണ്. കൃത്യമായി പറഞ്ഞാല്‍, അഗ്നി മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിന് ശേഷം. ആ വനിത ഒരു മലയാളി കൂടിയാണ് എന്നറിയുമ്പോള്‍ കേരളത്തിന് ഇരട്ടി സന്തോഷമാണത്.

തിരുവനന്തപുരം സ്വദേശിനിയായ ഷീന റാണിയാണ് ആ വാർത്താ താരം. അഗ്നി-5 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിക്കാനുള്ള ദൗത്യമായ ‘മിഷന്‍ ദിവ്യാസ്ത്ര’യ്ക്ക് നേതൃത്വം നല്‍കിയത് ഷീനയാണ്. ഒന്നിലേറെ ആണവ പോര്‍മുനകളുള്ളതും 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ അഗ്നി-5 മിസൈല്‍ ഇന്ത്യയുടെ അഭിമാനമായപ്പോള്‍ ഷീന റാണിയും രാജ്യത്തിന്റെ അഭിമാനതാരമായിരിക്കുകയാണ്.

ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) കീഴിലുള്ള ഹൈദരാബാദിലുള്ള അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയിലെ (എ.എസ്.എല്‍) പ്രോഗ്രാം ഡയറക്ടറായ ഈ 57-കാരി 1999 മുതല്‍ അഗ്നി ദൗത്യത്തിന്റെ ഭാഗമാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അവര്‍ ഡി.ആര്‍.ഡി.ഒയിലേക്ക് എത്തുന്നത്. 1998-ലെ പൊഖ്‌റാന്‍ രണ്ട് ആണവ പരീക്ഷണത്തിന് ശേഷമായിരുന്നു ഇത്. ഷീന റാണി ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ പ്രത്‌നഫലമായി ‘അഗ്നി’യുടെ വിവിധ പതിപ്പുകള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി.

തിരുവനന്തപുരത്താണ് ഷീന റാണി ജനിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് ഷീനയേയും സഹോദരിയേയും വളര്‍ത്തിയത് അമ്മ ഒറ്റയ്ക്കാണ്. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ഷീന പഠിച്ചത്. ഡി.ആര്‍.ഡി.ഒയിലെ മിസൈല്‍ വിഭാഗത്തില്‍ തന്നെ ജോലി ചെയ്യുന്ന പി.എസ്.ആര്‍.എസ്. ശാസ്ത്രിയാണ് ഷീനയുടെ ഭര്‍ത്താവ്.

‘മിസൈല്‍ മാനാ’യ എ.പി.ജെ. അബ്ദുള്‍ കലാമാണ് തന്റെ പ്രചോദനമെന്ന് ഷീന പറഞ്ഞിട്ടുണ്ട്. മിസൈല്‍ രംഗത്തെ വിദഗ്ധനായ ഡോ. അവിനാഷ് ചന്ദറും ഷീനയ്ക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. 2016-ലെ സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഷീനയെ തേടിയെത്തിയിട്ടുണ്ട്. .