പ്രതീകാത്മക ചിത്രം
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാര്‍ഥികളില്‍നിന്ന് വന്‍തുക തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപനമുടമ അറസ്റ്റില്‍. കോഴിക്കോട് പാളയത്തെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ എറണാകുളം സ്വദേശി ശ്യാംജിത്തിനെയാണ് കസബ പോലീസ് പിടികൂടിയത്. വ്യാജ കോഴ്‌സ് നടത്തി ഇയാള്‍ ലക്ഷക്കണക്കിന് രൂപ വിദ്യാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തെന്നാണ് പരാതി.
ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡയാലിസിസ് ടെക്‌നോളജി, റേഡിയോളജി ഡിപ്ലോമ കോഴ്‌സുകളാണ് സ്ഥാപനം നടത്തിയിരുന്നത്. 1.20 ലക്ഷം രൂപയായിരുന്നു ഫീസ്. മൂന്നുവര്‍ഷത്തെ കോഴ്‌സിന് 65 കുട്ടികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്. രണ്ട് സെമസ്റ്റര്‍ പരീക്ഷകളും നടത്തി. ഈ സര്‍ട്ടിഫിക്കറ്റുമായിവിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിനായി ആശുപത്രികളെ സമീപിച്ചതോടെയാണ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്.
ഫീസും സര്‍ട്ടിഫിക്കറ്റുകളും തിരികെ ആവശ്യപ്പെട്ട് സ്ഥാപനത്തെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
