ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ | Photo: PTI

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കമാണ് സഖ്യത്തിന്റെ തകർച്ചയിലേക്ക് നയിച്ചത്.

ചണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ചൊവ്വാഴ്ച രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹരിയാണയില്‍ ജന്‍നായക് ജനതാ പാര്‍ട്ടിയുമായി (ജെ.ജെ.പി) കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ മാറ്റി പരീക്ഷണത്തിന് ബിജെപി ഒരുങ്ങുന്നത്‌. ബി.ജെ.പി.-ജെ.ജെ.പി. സഖ്യം വഴിപിരിയുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖട്ടര്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെക്കുമെന്നാണ് ബി.ജെ.പി. വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ബി.ജെ.പി. എം.എല്‍.എമാരുടേയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടേയും യോഗം ഖട്ടര്‍ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11:30-ന് മുഖ്യമന്ത്രിയുടെ വസതിയിലാണ് നിര്‍ണായക യോഗം. സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ജെ.ജെ.പി. നേതാവും ഹരിയാണ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയും പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ഡല്‍ഹിയിലാണ് യോഗം. നിര്‍ണായകമായ തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് ദുഷ്യന്തുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കുരുക്ഷേത്രയില്‍ നിന്നുള്ള എം.പി. നായബ് സിങ് സൈനിയെയാണ് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മനോഹര്‍ലാല്‍ ഖട്ടറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

സീറ്റ് വിഭജന ചര്‍ച്ചയില്‍ ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. ഹിസാറിലെ സിറ്റിങ് എം.പി. ബ്രിജേന്ദ്ര സിങ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്.

രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച രാവിലേക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല എന്നതും ശ്രദ്ധേയമാണ്.

ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയില്‍ 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ജെ.പിയുമായി സഖ്യത്തിലാണ് സര്‍ക്കാര്‍ ഭരിക്കുന്നത്‌. കര്‍ഷക സമരവും ജെ.ജെ.പിയെ സഖ്യം വിടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്‌.