ബി.എസ് യെദിയൂരപ്പ , നരേന്ദ്രമോദി| ഫോട്ടോ:എ.എൻ.ഐ

ബെംഗളൂരു: കര്‍ണാടകയിലെ 22 ലോക്‌സഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ ധാരണയായി. ബാക്കിയുള്ളവയിൽ ഉടൻ തീരുമാനമുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്രേമോദി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളില്‍ ധാരണയായത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാവും.

ബെല്‍ഗാവിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഹുബ്ബള്ളിയില്‍ നിന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ഉഡുപ്പിയില്‍ നിന്ന് ശോഭ കരന്തലജെ, ശിവമോഗയില്‍ നിന്ന് ബി.വൈ രാഘവേന്ദ്ര എന്നിവര്‍ ജനവിധി തേടുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

മൈസൂരു, ഉത്തര കന്നഡ, ദക്ഷിണ കന്നഡ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളിലാണ് ധാരണയാവാത്തത്. ബുധനാഴ്ചയ്ക്കുള്ളില്‍ ഈ മണ്ഡലങ്ങളിലും അവസാന തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

മൈസൂരുവില്‍ സിറ്റിങ് എം.പിയായ പ്രതാപ് സിംഹയ്ക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. പകരം യദുവീര്‍ വാദ്യാര്‍ മത്സരിച്ചേക്കുമെന്നു സൂചനയുണ്ട്. ദക്ഷിണ കന്നഡ എം.പി നളിന്‍കുമാര്‍ കട്ടീലിനും സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പകരം കേന്ദ്രമന്ത്രികൂടിയായ നാരായണസ്വാമിയായിരിക്കും മണ്ഡലത്തില്‍ ജനവിധി തേടുക.

ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ, ബി.എല്‍ സന്തോഷ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്ര, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. 28 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും ബി.വൈ വിജയേന്ദ്ര ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ നിലവില്‍ ബിജെപിക്ക് 25 എം.പിമാരാണുള്ളത്. മാണ്ഡ്യയില്‍ ബിജെപി പിന്തുണയിലാണ് സുമലത ജയിച്ചത്‌. ഇത്തവണ ജെ.ഡി.എസുമായി കൂടി സഖ്യമുണ്ടാക്കിയതിലൂടെ കഴിഞ്ഞ തവണത്തെ നേട്ടം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.