Photo Courtesy: NDTV

യുവതിയുടെ മരണത്തിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളായ ടി.ഡി.പി.യുടെയും ജെ.എസ്.പി.യുടെയും ട്രോളുകളാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസും ആരോപിച്ചു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കിയത് സൈബര്‍ ആക്രമണം കാരണമെന്ന് പോലീസ്. മാര്‍ച്ച് ഏഴാം തീയതി തെനാലി റെയില്‍വേ സ്‌റ്റേഷനില്‍ ഗോതി ഗീതാഞ്ജലി എന്ന 32-കാരി ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

സാമൂഹികമാധ്യമങ്ങളിലെ ട്രോളുകളും നിരന്തരമായ സൈബര്‍ ആക്രമണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് തളളിവിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ മരണത്തിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളായ ടി.ഡി.പി.യുടെയും ജെ.എസ്.പി.യുടെയും ട്രോളുകളാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസും ആരോപിച്ചു.

സംസ്ഥാനം ഭരിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. എന്നാല്‍, ഈ വീഡിയോക്കെതിരേ വ്യാപകമായ ട്രോളുകളുണ്ടായി. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന, പ്രതിപക്ഷ പാര്‍ട്ടികളെ അനുകൂലിക്കുന്ന പ്രൊഫൈലുകളില്‍നിന്നാണ് ട്രോളുകളും സൈബര്‍ ആക്രമണവും ഉണ്ടായത്. ഗീതാഞ്ജലി പണം വാങ്ങിയാണ് സര്‍ക്കാരിനെ അനുകൂലിച്ച് സംസാരിച്ചതെന്നായിരുന്നു പ്രധാന ആരോപണം.

മാര്‍ച്ച് നാലിന് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗീതാഞ്ജലി സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് അഭിപ്രായം പറഞ്ഞത്. താന്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ ‘ജഗനണ്ണ’ ഹൗസിങ് പദ്ധതിയില്‍ പുരയിടം അനുവദിച്ചുനല്‍കിയതിനും യുവതി നന്ദി പറഞ്ഞിരുന്നു.

”എന്റെ സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമായി, സ്വന്തം പേരില്‍ എനിക്ക് പുരയിടമായി. ഞാന്‍ വളരെ സന്തോഷവതിയാണ്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ വിജയിപ്പിക്കാനായി ഞാന്‍ വോട്ട് ചെയ്യും. അദ്ദേഹമാണ് എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചത്. പുരയിടത്തിനായി ഞാന്‍ ഒരുരൂപ പോലും നല്‍കിയിട്ടില്ല. ‘അമ്മ വോഡി’ പദ്ധതിയിലൂടെയും ‘വൈ.എസ്.ആര്‍. ചെയുഥ’ പദ്ധതിയിലൂടെയും ഭര്‍തൃമാതാവിനും ഭര്‍തൃപിതാവിനും സഹായങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ എനിക്ക് എന്റെ സ്വപ്‌നഭവനവും”- ഗീതാഞ്ജലി പറഞ്ഞു.

യുവതിയുടെ വാക്കുകള്‍ക്ക് വന്‍പ്രചാരണമാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നല്‍കിയത്. ‘സ്റ്റാര്‍ കാമ്പയിനര്‍ ഓഫ് ദി ഡേ’ എന്ന വിശേഷണത്തോടെയായിരുന്നു വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഗീതാഞ്ജലിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍, വീഡിയോ വൈറലായതോടെ പ്രതിപക്ഷ കക്ഷികളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിക്കാനായി ഗീതാഞ്ജലി പണം വാങ്ങിയെന്നായിരുന്നു പ്രധാന വിമര്‍ശനം. യുവതിയെ പരിഹസിച്ചുള്ള ട്രോളുകളും വ്യാപകമായി പ്രചരിച്ചു. ഇതില്‍ മനംനൊന്താണ് ഗീതാഞ്‌ലി മാര്‍ച്ച് ഏഴിന് ജീവനൊടുക്കിയത്.

നിരന്തരമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നും ഇതിനായാണ് മാര്‍ച്ച് ഏഴാം തീയതി തെനാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ജന്മഭൂമി എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ട്രെയിനിടിച്ച് ഗുരുതരപരിക്കേറ്റ യുവതിയെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, യുവതിയുടെ മരണത്തില്‍ കര്‍ശന നടപടി വേണമെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയായ വാസവി പദ്മ ആവശ്യപ്പെട്ടു. യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ സാമൂഹികമാധ്യമ പ്രൊഫൈലുകള്‍ കണ്ടെത്തി ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വാസവി പദ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).