Photo Courtesy: twitter.com/publictvnews
ബെംഗളൂരു: രാമനഗരയില്‍ ഫാം ഹൗസില്‍ തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്.
ഫാംഹൗസില്‍ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളും കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തില്‍ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്.എസ്.എല്‍.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്..
രണ്ടു ചാക്കുകളിലായിട്ടായിരുന്നു അസ്ഥികള്‍ സൂക്ഷിച്ചിരുന്നത്. അസ്ഥികള്‍കൊണ്ടു നിര്‍മിച്ച കസേരയും കണ്ടെത്തി. പൂര്‍വികരുടെ കാലംതൊട്ടേ തലയോട്ടികള്‍ ഇവിടെ ഉള്ളതാണെന്നാണ് ബലറാം പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തലയോട്ടികളുടെയും അസ്ഥികളുടെയും പഴക്കമറിയാന്‍ എഫ്.എസ്.എല്‍. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്..
ബിഡദി വ്യവസായ മേഖലയ്ക്ക് സമീപത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാം ഹൗസിന് ‘ശ്രീ ശ്മശാന കാളിപീഠ’ എന്ന പേരും നല്‍കിയിരുന്നു.
