ഋഷഭ് പന്ത്

ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ടീമിന് പുറത്തായിരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വീണ്ടും കളിക്കളത്തിലേക്ക്. 2024 ഐ.പി.എല്‍. കളിക്കാന്‍ പന്ത് പൂര്‍ണ ആരോഗ്യവാനാണെന്ന് വിലയിരുത്തിയ ബി.സി.സി.ഐ., സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേരാന്‍ അനുമതിയും നല്‍കി. അതേസമയം പേസര്‍മാരായ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഐ.പി.എലില്‍ കളിക്കാനാവില്ലെന്നും ബി.സി.സി.ഐ. വ്യക്തമാക്കി.

2022 ഡിസംബറില്‍ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍വെച്ചുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ചികിത്സയും മറ്റുമായി ഒരു വര്‍ഷത്തിലധികമായി ക്രീസിലേക്ക് തിരിച്ചെത്തിയിരുന്നില്ല. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചുവരവിനുള്ള പരിശീലനം ആരംഭിച്ചത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നാണ് കഠിന പ്രയത്‌നം നടത്തി ഐ.പി.എലിലേക്കുള്ള മടങ്ങിവരവ് സാധ്യമാക്കിയത്.

പുറംഭാഗത്തേറ്റ പരിക്ക് കാരണം പ്രസിദ്ധ് കൃഷ്ണയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു. നിലവില്‍ ബി.സി.സി.ഐ. വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ് താരം. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് കാരണമാണ് ഷമിക്ക് ഐ.പി.എല്‍. നഷ്ടമാകുന്നത്. ലണ്ടനില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും പൂര്‍ണ മുക്തി നേടാന്‍ സമയമെടുക്കും. നിലവില്‍ ബി.സി.സി.ഐ. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.