സജന സജീവൻ
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലം നടക്കുമ്പോൾ സജന സജീവന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. ആ സമയം കൂട്ടുകാരോടൊപ്പം വയനാട്ടിലെ വീടിനടുത്തെ പുഴയിൽ സജന ചൂണ്ടയിടാൻ പോയി. കുറച്ചുകഴിഞ്ഞപ്പോൾ ‘പുഴയിലേക്ക് ചാടിക്കോ, നിന്നെ മുംബൈ ടീമിലെടുത്തു’ എന്നുപറഞ്ഞ് കോച്ച് രാജഗോപാലിന്റെ കോൾ വന്നു. വലയിൽ വൻ സ്രാവ് കുടുങ്ങിയല്ലോ എന്ന സന്തോഷത്തിൽ സജന വീട്ടിലേക്കോടി. അഞ്ചുലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സജനയെ 15 ലക്ഷത്തിന് ടീമിലെത്തിച്ച മുംബൈ ഇന്ത്യൻസിനും നിരാശപ്പെടേണ്ടിവന്നില്ല. അരങ്ങേറ്റ മത്സരത്തിൽ അവസാന പന്തിലെ സിക്സറിലൂടെ ടീമിനെ വിജയിപ്പിച്ച സജന തുടർന്നുള്ള മത്സരങ്ങളിൽ അക്രോബാറ്റിക് ഡൈവ് ക്യാച്ചിലൂടേയും ഓസീസ് താരം ബെത്ത് മൂണിയുടെ സ്റ്റമ്പ് ഇളക്കിയും ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തു. മുംബൈയുടെ ക്യാമ്പിൽനിന്ന് സജന സംസാരിക്കുന്നു.
യാത്ര ചെയ്തുവന്ന വഴി
കല്ലും മുള്ളും നിറഞ്ഞ യാത്രയായിരുന്നു. പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിലെ പരോക്ഷമായ വിലക്ക്, 150 രൂപ കൂലിയുള്ള ചെറിയ ജോലികൾ, ഏറെ ദൂരമുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക് പുലർച്ചെയുള്ള യാത്രകൾ തുടങ്ങി പ്രതിസന്ധികളുടെ നീണ്ട നിര മുന്നിലുണ്ടായിരുന്നു.
മുംബൈ ഡ്രസ്സിങ് റൂം
ഭാഷ പ്രശ്നമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ടീമിനൊപ്പം ചേർന്നതോടെ എല്ലാ ടെൻഷനും പോയി. ടീം മാനേജ്മെന്റ് പ്രൊഫഷണലായി കാര്യങ്ങൾ കൈകാര്യംചെയ്തു. ഡ്രസ്സിങ് റൂമിൽ സീനിയർ, പുതിയ ആൾ തുടങ്ങിയ വേർതിരിവില്ല. കോളേജ് കാലത്തെ ചില്ലിങ് വൈബാണ് ചുറ്റും. ഓരോ മത്സരം കഴിയുമ്പോഴും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് സമ്മാനം നൽകും. അത് ആത്മവിശ്വാസം നൽകി.
ടീമിലെ റോൾ
ഓൾറൗണ്ടറാണെങ്കിലും ബിഗ് ഹിറ്റർ എന്നതാണ് ടീമിലെ റോൾ. എന്നിൽനിന്ന് കുറഞ്ഞ പന്തിൽ കൂടുതൽ റൺസ് പ്രതീക്ഷിക്കുന്നു. നാല് ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങി. നിലവിൽ സ്ട്രൈക്ക് റേറ്റിൽ (180) നാലാമതുണ്ട്. ഒരു മത്സരത്തിൽ ഒരോവർ എന്ന രീതിയിലാണ് ബൗളിങ്. മികച്ച ബൗളർമാരുണ്ടാകുമ്പോൾ നമ്മുടെ ആവശ്യമുണ്ടാകില്ല. ഇതുവരെ രണ്ടുവിക്കറ്റെടുത്തു.
സമ്മർദത്തിനിടെ സിക്സ്
എന്റെ അരങ്ങേറ്റ മത്സരം, ക്രീസിലെത്തി നേരിടേണ്ടി വരുന്ന ആദ്യ പന്ത്, വിജയിക്കാൻ വേണ്ടത് ഒരു പന്തിൽ അഞ്ച് റൺസ്. അടിച്ചാൽ ജയിക്കും, മിസ്സ് ആക്കിയാൽ തോൽക്കും എന്നുമാത്രമേ ആലോചിച്ചുള്ളൂ. പന്ത് വന്നയുടൻ ബാറ്റിൽ കണക്ട് ചെയ്ത് ഗാലറിയിലേക്ക് പറത്തി. മുംബൈ ജയിച്ചു. കളി തുടങ്ങിയ കാലംമുതൽ പന്ത് പ്രതിരോധിക്കുന്നതിനേക്കാൾ അടിച്ചുകളിക്കുന്നതായിരുന്നു എന്റെ ശൈലി.
ഹർമൻപ്രീത്, കൂട്ടുകാരി
ഹർമൻ ദീദി എന്റെ റോൾ മോഡലാണ്. അവര് അടുത്തുവരുമ്പോൾതന്നെ പോസിറ്റിവിറ്റി അനുഭവപ്പെടും. നമുക്ക് എളുപ്പത്തിൽ ഇടപെടാൻ പറ്റും. മത്സരത്തിന്റെ സമ്മർദത്തിൽ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്താൽ ചീത്ത വിളിക്കുമെങ്കിലും കളി കഴിഞ്ഞാൽ കൂളാണ്. നമുക്ക് സംസാരിക്കാൻ എത്രസമയം വേണമെങ്കിലും തരും.
അമേലിയ കേർ, ഹെയ്‌ലി മാത്യൂസ്, ഇസി വോങ് തുടങ്ങി അഞ്ച് വിദേശികൾ ടീമിലുണ്ട്. എല്ലാവരും മികച്ച പ്രൊഫഷണലിസമുള്ളവരാണ്.
