Photo: twitter.com/IndiaCoastGuard
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 480 കോടി രൂപയുടെ മയക്കുമരുന്നുമായി ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയിലായി. കോസ്റ്റ് ഗാര്‍ഡും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും(എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
അറബിക്കടലില്‍ പോര്‍ബന്തര്‍തീരത്തുനിന്ന് 350 കിലോമീറ്റര്‍ അകലെവെച്ചാണ് പാകിസ്താനി ബോട്ട് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 80 കിലോ മയക്കുമരുന്നും പിടിച്ചെടുക്കുകയായിരുന്നു.
ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് സംശയം. ഒരുമാസത്തിനിടെ ഗുജറാത്ത് തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
ഫെബ്രുവരി 28-ന് ഗുജറാത്ത് തീരത്തുനിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. പാകിസ്താനില്‍നിന്നുള്ള ബോട്ടില്‍നിന്നാണ് 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് അധികൃതര്‍ പിടിച്ചെടുത്തത്.
