കെ. അണ്ണാമലൈ, സീതാറാം യെച്ചൂരി, എം.കെ. സ്റ്റാലിൻ | Photo: ANI, File Photo/ Tamil Nadu CM Office
ചെന്നൈ: തമിഴ്‌നാട്ടിലെ സി.പി.എമ്മിന്റെ രണ്ടു സിറ്റിങ് സീറ്റിലൊന്നായ കോയമ്പത്തൂര്‍ ഡി.എം.കെ. ഏറ്റെടുത്തേക്കും. പകരം ഡിണ്ടിഗല്‍ സി.പി.എമ്മിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിജയിച്ച രണ്ടാം സീറ്റായ മധുരയില്‍ ഇത്തവണയും സിപിഎം തന്നെ മത്സരിക്കും. സിപിഐയുടെ സിറ്റിങ് സീറ്റുകളായ നാഗപട്ടണവും തിരുപ്പൂരും ഇത്തവണയും അവര്‍ക്ക് നല്‍കാനും ഡിഎംകെയില്‍ തീരുമാനമായി.
കോയമ്പത്തൂര്‍ സീറ്റില്‍ മത്സരിക്കാന്‍ കമല്‍ ഹാസന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് രാജ്യസഭാ സീറ്റ് നല്‍കിയായിരുന്നു ഡി.എം.കെ- കോണ്‍ഗ്രസ്- ഇടത് സഖ്യത്തിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് കോയമ്പത്തൂര്‍ ഏറ്റെടുക്കാന്‍ താത്പര്യപ്പെടുന്നതായി ഡി.എം.കെ. സി.പി.എമ്മിനെ അറിയിച്ചത്.
നിലവില്‍ പി.ആര്‍. നടരാജനാണ് ഇവിടെ സി.പി.എമ്മിന്റെ സിറ്റിങ് എം.പി. 2009-ലും അദ്ദേഹം ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ഡലത്തില്‍ വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ സി.പി.എമ്മിന് ശക്തമായ സ്വാധീനമുണ്ട്.
2019-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചുലക്ഷത്തിലേറെ വോട്ടിന് ഡി.എം.കെ. വിജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്‍. അതിന് മുമ്പ് എ.ഐ.എ.ഡി.എം.കെയായിരുന്നു ഇവിടെ വിജയിച്ചത്. നേരത്തെ തുടര്‍ച്ചയായി രണ്ടുതവണ ഇവിടെ കോണ്‍ഗ്രസ് ജയിച്ചിരുന്നു.
അതേസമയം, കോയമ്പത്തൂര്‍ സീറ്റില്‍ ബി.ജെ.പി. കടുത്ത മത്സരത്തിന് ഒരുങ്ങുന്നുവെന്ന വിലയിരുത്തലിലാണ് ഡി.എം.കെ. എന്നും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയോ കോയമ്പത്തൂര്‍ സൗത്തിലെ സിറ്റിങ് എം.എല്‍.എ. വാനതി ശ്രീനിവാസനോ മറ്റേതെങ്കിലും വലിയ നേതാവോ മത്സരിച്ചേക്കുമെന്നാണ് ഡി.എം.കെ. കരുതുന്നത്. തമിഴ്‌നാട്ടില്‍ മത്സരിക്കാനെത്തുകയാണെങ്കില്‍ പ്രധാനമന്ത്രി കോയമ്പത്തൂര്‍ തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സിപിഎമ്മില്‍ നിന്ന് സീറ്റ് എടുക്കാന്‍ ഡിഎംകെ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
