അശോക് ഗഹലോത്ത്, കമൽനാഥ്‌ | Photo: PTI, ANI

ന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പ്രമുഖ മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ വിട്ടുനിന്നേക്കുമെന്ന് സൂചന. അശോക് ​ഗഹലോത്ത്, കമൽനാഥ്, ദി​ഗ്വിജയ സിങ്, ഹരീഷ് റാവത്ത് എന്നീ നാല് മുൻ മുഖ്യമന്ത്രിമാർ ഇത്തവണ മത്സരരം​ഗത്തുണ്ടാവില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ചേർന്ന കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിന് പിന്നാലെയാണ് റിപ്പോർട്ടുകൾ.

ഇവർക്ക് പുറമെ രാജസ്ഥാനിലെ പ്രമുഖ നേതാവായ സച്ചിൻ പൈലറ്റും ലോക്സഭയിലേക്ക് ജനവിധി തേടുന്നില്ലെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കോൺ​ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗം ചേർന്നിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 62 സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

ഇവർക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പകരം, ഇവർ മറ്റ് നേതാക്കളുടെ പേരുകൾ നിർദേശിച്ചു. അശോക് ​ഗഹലോത്ത് തന്റെ മകൻ‍ വൈഭവിന്റെ നിർദേശിച്ചത്. അദ്ദേഹത്തിന് രാജസ്ഥാനിലെ ജലോർ സീറ്റ് ലഭിച്ചേക്കും. കമൽനാഥിന്റെ മകനും ചിന്ദ്വാര സീറ്റിലെ സിറ്റിങ് എം.പിയുമായ നകുൽ നാഥ് ഇത്തവണയും ഇതേ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

അനാരോ​ഗ്യം ചൂണ്ടിക്കാട്ടിയാണ് ഹരീഷ് റാവത്ത് മത്സരത്തിനില്ലെന്ന് അറിയിച്ചത്. പകരം, മകൻ വിരേന്ദ്ര റാവത്തിന് സീറ്റ് നൽകണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ ചില ലോക്സഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സച്ചിൻ പൈലറ്റിന്റെ പദ്ധതി. പാർട്ടിയുടെ മൊത്തത്തിലുള്ള നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.