വന്ദേ ഭാരത് | Photo:ANI
കണ്ണൂർ: ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം ചൊവ്വാഴ്ച പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാൽ വണ്ടി ഓടില്ല.
നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും.
നിലവിൽ രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05- ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. എട്ടു കോച്ചുകളുണ്ട്.
കൊല്ലം-തിരുപ്പതി എക്സ്പ്രസ് ഇന്നുമുതൽ
തിരുവനന്തപുരം: കൊല്ലം-തിരുപ്പതി ദ്വൈവാര എക്സ്പ്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും, തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക.
തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരിച്ചുള്ള ട്രെയിൻ (കൊല്ലം – തിരുപ്പതി) ബുധൻ, ശനി ദിവസങ്ങളിലാണ്. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. തിരിച്ചുള്ള ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ 10.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20 ന് തിരുപ്പതിയിലെത്തും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, ഈറോഡ് കോയമ്പത്തൂർ, സേലം തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

വള്ളിയൂർ ഗുഡ് ഷെഡ്ഡിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. മേലേപ്പാളയം-നാഗർകോവിൽ ഇരട്ടപ്പാതയും സമർപ്പിക്കും.
സംസ്ഥാനത്തെ 17 സ്റ്റേഷനുകളിൽ പ്രാദേശിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതി വിജയകരമായി നടപ്പാക്കിയതായി ഡിവിഷണൽ മാനേജർ അറിയിച്ചു. ഇടനിലക്കാരില്ലാതെ തുച്ഛമായ വാടകയ്ക്ക് സ്റ്റേഷനിൽ വിപണനസൗകര്യം ഒരുക്കുന്നതാണ് പദ്ധതി.
തീവണ്ടികളുടെ ബാഹുല്യം അറ്റകുറ്റപ്പണിക്കു തടസ്സം -റെയിൽവേ ഡിവിഷണൽ മേധാവി
തിരുവനന്തപുരം: വേഗംകൂട്ടൽ ഉൾപ്പെടെ പാളത്തിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് തീവണ്ടികളുടെ ബാഹുല്യം തടസ്സമാണെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ മനീഷ് തപ്യാൽ പറഞ്ഞു. നിലവിലുള്ള ട്രാക്കുകൾ ബലപ്പെടുത്തി തീവണ്ടികളുടെ വേഗം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വളവുകൾ നിവർത്തിയും സിഗ്നൽ സംവിധാനം നവീകരിച്ചുമാകും വേഗത കൈവരിക്കുക. ഭൂമിയേറ്റെടുക്കൽ വേണ്ടിവരില്ല. മണിക്കൂറിൽ 110 കിലോമീറ്ററാണ് ലക്ഷ്യം. വന്ദേഭാരത് അനുവദിച്ചപ്പോൾ നിലവിലുള്ള തീവണ്ടികളുടെ സമയം ക്രമീകരിക്കേണ്ടിവന്നിട്ടുണ്ട്. വന്ദേഭാരതിലൂടെ കൂടുതൽ യാത്രാസൗകര്യം ഒരുക്കാനായെന്നും കൂടുതൽ വന്ദേഭാരത് തീവണ്ടികൾക്കുവേണ്ടി ആവശ്യമുയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
