photo: Screengrab
തിരുവനന്തപുരം; ആദ്യദിനം മുതല്‍ തന്നെ സംഘര്‍ഷവും പരാതികളും നിറഞ്ഞുനിന്ന കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ വീണ്ടും വിവാദം. മത്സരഫലം അട്ടിമറിക്കാന്‍ കോഴ ചോദിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നു. വിവിധ സ്ഥാനങ്ങള്‍ ലഭിക്കാന്‍ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. കലോത്സവം അവസാനിച്ചതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തായത്.
മത്സരഫലം അട്ടിമറിക്കാന്‍ വന്‍ കോഴയിടപാട് നടന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ക്കുള്ള നിരക്ക്. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഈ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്. കോഴ നല്‍കിയവരെ വിധികര്‍ത്താക്കള്‍ക്ക് മനസിലാക്കാന്‍ കാല്‍പ്പാദത്തിന്റെ അടിയില്‍ അടയാളമിടണമെന്ന എഴുത്തും ചെസ്റ്റ് നമ്പറിന്റെ ചിത്രവുമടങ്ങിയ വാട്‌സാപ്പ് സന്ദേശത്തിന്റേതാണ് സ്‌ക്രീന്‍ഷോട്ട്.
നേരത്തേ വന്‍ സംഘര്‍ഷമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിസി ഇടപ്പെട്ട് യുവജനോത്സവം നിര്‍ത്തിവെച്ചിരുന്നു. മത്സരങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ വിസിയുടെ നിര്‍ദേശപ്രകാരം ഉത്തരവിറങ്ങി. സർവകലാശാല ചരിത്രത്തിൽ ആദ്യമായാണ് യുവജനോത്സവം പൂർത്തിയാകാതെ നിർത്തിവെയ്ക്കുന്നത്. അവസാന ഇനമായിരുന്ന സംഘനൃത്തത്തിന് തയ്യാറായിരുന്ന പെൺകുട്ടികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധ നൃത്തം അവതരിപ്പിച്ചതിനും പ്രധാന വേദിയായ സെനറ്റ് ഹാൾ തിങ്കളാഴ്ച സാക്ഷ്യം വഹിച്ചു.
വേദിയിലെ ഗുരുതര സാഹചര്യവും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ച് യുവജനോത്സവത്തിന്റെ തുടർ സംഘാടനം നിർത്തിവെയ്ക്കണമെന്ന് വി.സി. നിർദേശിക്കുകയായിരുന്നു. അവസാന ദിനമായ തിങ്കളാഴ്ച രാവിലെ മുതൽ തന്നെ മത്സരങ്ങൾ മുടക്കിക്കൊണ്ട് പ്രധാനവേദിയായ സെനറ്റ് ഹാളിനു മുന്നിൽ വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചതിന് വിധികർത്താവിനെയും പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർഥികളെയും പോലീസ് അറസ്റ്റ് ചെയ്തതുൾപ്പെടെ അസാധാരണ സംഭവങ്ങൾക്കാണ് ഇത്തവണ കലോത്സവം വേദിയായത്. ആദ്യദിനം അരങ്ങേറിയ മാർഗം കളിയുടെ ഫലപ്രഖ്യാപനത്തിൽ തുടങ്ങിയതാണ് താളപ്പിഴ. പിന്നാലെ പല മത്സരങ്ങളിലും ആരോപണവും പ്രതിഷേധവും നിറഞ്ഞതോടെ കലോത്സവം പല തവണ നിർത്തിവെയ്‌ക്കേണ്ടി വന്നു. മത്സരങ്ങൾ മുടങ്ങിയതോടെ ചമയങ്ങളണിഞ്ഞ് കുട്ടികൾ മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്.
തങ്ങളുടെ പ്രവർത്തകരെ എസ്.എഫ്.ഐ.ക്കാർ തിരഞ്ഞുപിടിച്ചു മർദിക്കുന്നു എന്ന പരാതിയുമായി കെ.എസ്.യു.വും രംഗത്തെത്തി. കെ.എസ്.യു. ലോ കോളേജ് യൂണിറ്റ് സെക്രട്ടറി നിതിൻ തമ്പി ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റ സംഭവത്തിൽ 16 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു. ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവർത്തകർ സംഘടിച്ചതോടെ കലോത്സവ വേദിയിൽ സംഘർഷം നിറഞ്ഞു. പല ഇനങ്ങളും മുടങ്ങുകയും ചെയ്തു. എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ നേർക്കുനേർ വന്നതോടെ പോലീസ് പ്രധാന വേദിയിലെത്തി പ്രതിഷേധക്കാരെ അറസ്റ്റ്‌ചെയ്തു നീക്കി. എന്നാൽ കെ.എസ്.യു.ക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നു ആരോപണമുയർന്നു.
