Photo | AFP
റിയാദ്: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എ.ഇ.യുടെ അല്‍ ഐനിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ പുറത്ത്. തിങ്കളാഴ്ച കിങ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് അല്‍ നസറിന്റെ തോല്‍വി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഷൂട്ടൗട്ടില്‍ അല്‍ നസറിനായി ലക്ഷ്യം കണ്ടത്. രണ്ട് പാദങ്ങളിലായി മത്സരം സമനില (4-4) ആയതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 3-1നാണ് ഷൂട്ടൗട്ടില്‍ അല്‍ ഐനിന്റെ ജയം.
യു.എ.ഇ.യില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 1-0ന് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന രണ്ടാം പാദത്തില്‍ 4-3 അല്‍ നസര്‍ മുന്നിലെത്തി. രണ്ട് പാദങ്ങളിലുമായി 4-4 സമനിലയിലായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 118-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ നേടിയ പെനാല്‍റ്റി ഗോളാണ് ഷൂട്ടൗട്ടിലെത്തിച്ചത്.
ആദ്യ പാദത്തില്‍ ഗോള്‍ നേടി മത്സരം അല്‍ ഐന് അനുകൂലമാക്കിയ സൗഫിയാനെ റഹിമി തന്നെയാണ് രണ്ടാം പാദത്തിലും അല്‍ നസറിനെ തകര്‍ത്തത്. 28, 25 മിനിറ്റുകളില്‍ ഇരട്ട ഗോളോടെ സൗഫിയാനെ വീണ്ടും മിന്നിച്ചതോടെ കളി കൂടുതല്‍ അല്‍ ഐനിന്റെ വരുതിയിലായി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ അബ്ദുല്‍ റഹ്‌മാന്‍ ഗരീബി അല്‍ നസറിനായി ഗോള്‍ നേടിയതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 3-1 ആയി.
രണ്ടാം പകുതിയില്‍ അല്‍ ഐന്‍ താരം ഖാലിദ് ഈസ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ അല്‍ നസര്‍ രണ്ടാംപാദ മത്സരത്തില്‍ ഒപ്പമെത്തി (2-2). 72-ാം മിനിറ്റില്‍ അലക്‌സ് ടെല്ലസിലൂടെ ലീഡെടുത്തതോടെ മത്സരത്തില്‍ അല്‍ നസര്‍ മുന്‍തൂക്കം നേടുകയും (3-2) ചെയ്തു. എന്നാല്‍ 103-ാം മിനിറ്റില്‍ സുല്‍ത്താന്‍ അല്‍ ശംസി അല്‍ ഐനുവേണ്ടി വീണ്ടും സ്‌കോര്‍ ചെയ്തു. 116-ാം മിനിറ്റില്‍ റൊണാള്‍ഡോയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇരുപാദ സ്‌കോര്‍ (4-4).
തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോയ്ക്ക് മാത്രമാണ് സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ബ്രോസോവിച്ച്, ടെല്ലസ്, ഒറ്റാവിയോ എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. അല്‍ ഐനിന്റെ മൂന്ന് താരങ്ങളും ലക്ഷ്യം കണ്ടതോടെ (3-1) അല്‍ നസറിനെ മറികടന്ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കടന്നു.
