V D Satheeshan, Shama Mohammed

കണ്ണൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഷമ ഒരു പാവം കുട്ടിയാണെന്നും ആവശ്യമായ വനിതാ പ്രാതിനിധ്യം കൊടുക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. അതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഷമ പറഞ്ഞത് വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നാണ്. അത് ശരിയാണ്. ആവശ്യമായ പ്രാതിനിധ്യം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയിട്ടില്ല. ഞങ്ങള്‍ക്ക് അതില്‍ വിഷമമുണ്ട്. പക്ഷേ പ്രായേഗികമായി സിറ്റിങ് എംപിമാര്‍ മത്സരിച്ചു വന്ന സമയത്ത് അത് കൊടുക്കാന്‍ പറ്റിയില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോള്‍ ഞങ്ങള്‍ വനിതയ്ക്കല്ലേ കൊടുത്തത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയൊരു അവസരം വരുമ്പോള്‍ അത് പരിഹരിക്കുമെന്നും നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് കൂടി കുറ്റബോധമുള്ളകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ പാര്‍ട്ടിയുമായി പൂര്‍ണമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. ഒരു പാവം കുട്ടിയാണത്. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

നേരത്തേ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ഷമയുടെ വിമര്‍ശനം തളളിയിരുന്നു. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. പിന്നാലെയാണ് വിഷയത്തില്‍ സതീശന്റെ പ്രതികരണം.

സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ പാലിച്ചില്ലെന്ന് ഷമ മുഹമ്മദ് കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കേരളത്തിൽ 51% സ്ത്രീകളാണ്. മറ്റു പാർട്ടികളിൽ സ്ത്രീ സ്ഥാനാർഥികൾ അധികമുണ്ട്. കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാത്തതെന്തുകൊണ്ടാണെന്നും ഷമ ചോദിച്ചു.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത്. ആലത്തൂരിൽ മത്സരിക്കുന്ന രമ്യാ ഹരിദാസ് മാത്രമാണ് കോൺഗ്രസിൽനിന്നുള്ള വനിതാ സ്ഥാനാർഥി.