രാഹുൽ കസ്വാൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിജെപി എംപിയായ രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചിരുന്നു.

ചുരുവില്‍നിന്ന് രണ്ടുതവണ എംപിയായിട്ടുള്ള രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. 2004 മുതല്‍ 2014 വരെ രാഹുലിന്റെ പിതാവും ബിജെപി നേതാവുമായിരുന്നു രാം കസ്വാനാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കസ്വാന്‍ കുടുംബത്തിന് ശക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചുരു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തുടര്‍ച്ചയായി രണ്ടാംദിവസമാണ് ബിജെപി സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേരുന്നത്. കഴിഞ്ഞ ദിവസം ഹരിയാണയിലെ ബിജെപി എപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.