ഡോ.ജോതിദേവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Facebook

വിദേശ രാജ്യങ്ങളില്‍ ആദ്യമായെത്തുന്നവരുടെ അനുഭവങ്ങള്‍ തമാശയായും പാഠമായും പങ്ക് വെക്കപ്പെടാറുണ്ട്. എന്നാല്‍, ദശാബ്ദങ്ങളായി പല രാജ്യങ്ങളും യാത്രചെയ്ത് കണ്ടുപരിചയിച്ചവര്‍ക്ക് ആദ്യമായുണ്ടാകുന്ന അപ്രതീക്ഷിത ദുരനുഭവങ്ങള്‍ ഞെട്ടലാകുമെന്ന് തെളിയിക്കുന്നതാണ് സാഹിത്യകാരന്‍ പി. കേശവദേവിന്റെ മകനും പ്രമേഹരോഗ ചികിത്സാവിദഗ്ധനുമായ ജോതിദേവ് കേശവദേവിന്റെ മാര്‍ച്ച് 5 -നുണ്ടായ അനുഭവം വിവരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫ്‌ളോറന്‍സില്‍ നടക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്‍ഡ് ട്രീറ്റ്‌മെന്റ് ഫോര്‍ ഡയബറ്റീസ് (ADDA) സമ്മേളനത്തില്‍ പങ്കെടുക്കാനായി മിലന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് തന്റെയും ഭാര്യ സുനിതയുടേയും പാസ്‌പോര്‍ട്ടും പണവും ക്രഡിറ്റ് കാര്‍ഡും മോഷ്ട്ടിക്കപ്പെട്ട കാര്യം മനസ്സിലാവുന്നത്.

‘സമയം വൈകിട്ട് കൃത്യം 6:20. ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ പെട്ടെന്ന് എന്നെ വന്ന് തട്ടി. അയാളുടെ കയ്യിലുണ്ടായിരുന്ന വലിയ ട്രോളി ബാഗ് വലത്തെ കാല്‍ മുട്ടിലിടിച്ച് ഞാന്‍ താഴെ വീണു. പെട്ടെന്നുണ്ടായത് എന്തെന്ന് മനസ്സിലാകാതെ ഭാര്യ തന്നെ സഹായിക്കാനായി കുനിഞ്ഞു . ആ സമയം ഒരു സ്ത്രീ ഭാര്യയുടെ പിന്നിലൂടെ പോകുന്നത് കണ്ടു. പെട്ടെന്ന്തന്നെ ഈ സ്ത്രീയും അയാളും അപ്രത്യക്ഷമായി. ട്രെയിനിന്റെ സമയമടുക്കുന്നതിനാല്‍ ഞങ്ങള്‍ പ്ലാറ്റ്‌ഫോമിലെത്താനായി മുകളിലേക്ക് പോയി. 10 മിനിട്ടിന് ശേഷം ഹാന്‍ഡ് ബാഗ് തുറക്കുമ്പോഴാണ് പാസ്‌പോര്‍ട്ടും പണവും ക്രഡിറ്റ് കാര്‍ഡും അടങ്ങുന്ന വാലറ്റ് മോഷണം പോയതായി മനസ്സിലാക്കുന്നത്.’ ഓര്‍ക്കാപ്പുറത്തുണ്ടായ മോഷണം ജോതിദേവ് വിവരിക്കുന്നു.

തുടര്‍ന്ന് ഇറ്റാലിയന്‍ പോലീസിന്റെ സഹായത്തോടെ എഫ്.ഐ.ആര്‍. രെജിസ്റ്റര്‍ ചെയ്യുകയും പിന്നീട് മിലനിലെ ഇന്ത്യന്‍ എമ്പസിയെ സമീക്കാന്‍ ഇറ്റാലിയന്‍ പോലീസ് സഹായിക്കുകയും ചെയ്തു. ഇറ്റലിയില്‍ പാസ്‌പോര്‍ട്ട് മോഷണം പുത്തരിയല്ലെന്ന് അപ്പോഴാണ് അറിയുന്നത്. പക്ഷെ മോഷണം പോയ പാസ്‌പോര്‍ട്ട് അപൂര്‍വ്വമായി തിരിച്ച് കിട്ടാറുണ്ടന്നും പോലീസ് അറിയിച്ചു.

തട്ടിക്കൊണ്ട് പോയി 30 മിനുട്ടിന് ശേഷം മോഷ്ടാക്കള്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നായി പണം പിന്‍വലിച്ചതായി എസ്.എം.എസ്. വഴി അറിഞ്ഞു. ഭാഗ്യവശാല്‍ 28 യൂറോ(2500 രൂപ) മാത്രമാണ് പോയതെന്ന് ആശ്വസിക്കുന്നു ജോതിദേവ്. സഹായത്തിനായി സുഹൃത്തുക്കളും കുടുബ സുഹൃത്ത് ഡോ. ശശി തരൂരും ഒപ്പമുണ്ടായിരുന്നു. ശശി തരൂര്‍ വിവരം അറിഞ്ഞയുടന്‍ ഇറ്റലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. കോണ്‍സുലേറ്റ് ജനറല്‍ അതുല്‍ ചൗഹാന്‍ വേണ്ട നടപടികള്‍ ചെയ്തുകൊടുത്തു.

വര്‍ഷങ്ങളായി നടത്തുന്ന യാത്രകളായതിനാല്‍ ഞങ്ങള്‍ അശ്രദ്ധരായിരുന്നെന്നും അതില്‍ കുറ്റബോധമുണ്ടെന്നും ജോതിദേവ് പറയുന്നു. ഇന്ത്യന്‍ കണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെയും സ്വീകരണത്തെയും പോസ്റ്റില്‍ പ്രശംസിക്കുന്നുണ്ട്. ഇരുവര്‍ക്കുമായുള്ള എമര്‍ജെന്‍സി പാസ്‌പോര്‍ട്ടുമായാണ് ഇന്ത്യന്‍ കണ്‍സുലേറ്റ് അവരെ യാത്രയാക്കിയത്.

“ഞങ്ങള്‍ നടുങ്ങിപ്പോയി, എവിടെയോ കുറ്റബോധം തോന്നി. പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുള്ള യാത്രകള്‍ കാരണം ഞങ്ങള്‍ വളരെ അശ്രദ്ധരായിരുന്നു, ഇതില്‍ നിന്ന് പഠിക്കേണ്ട ഒരു പാഠമാണിത്!” വിദേശ രാജ്യത്ത് വെച്ച് പാസ്‌പ്പോര്‍ട്ടും പണവും നഷ്ടപ്പെടുന്നത് പേടിപ്പെടുത്തുന്ന അനുഭവമാണെന്നും ഏതെങ്കിലും രീതിയില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാനാണ് സമൂഹ മാധ്യമത്തില്‍ പങ്ക് വെക്കുന്നതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.