പി.എ. മുഹമ്മദ് റിയാസും എ.എൻ. ഷംസീറും ഡബിൾ ഡക്കർ ബസ് യാത്ര നടത്തുന്നു, എൻ.ഡി.എ. സ്ഥാനാർഥികളുടെ റോഡ് ഷോ | Photo: Screen grab/ Facebook: P A Muhammad Riyas, CR PraphulKrishnan

കണ്ണൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ജയരാജന്റെ റോഡ് ഷോയും ബൈപ്പാസ് വഴി നടക്കുന്നുണ്ട്.

കണ്ണൂര്‍: തലശ്ശേരി- മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ റോഡ് ഷോയും പിന്നാലെ മന്ത്രിയുടേയും സ്പീക്കറുടേയും ഡബിള്‍ ഡക്കര്‍ ബസ് യാത്രയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബൈപ്പാസിനെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ തുടരുന്ന രാഷ്ട്രീയപ്പോരിന്റെ തുടര്‍ച്ചയാണിത്. ഡബിള്‍ ഡക്കര്‍ യാത്രയ്ക്ക് പിന്നാലെ കണ്ണൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ജയരാജന്റെ റോഡ് ഷോയും ബൈപ്പാസ് വഴി നടക്കുന്നുണ്ട്.

ബൈപ്പാസിന്റെ ഒരുഭാഗം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മറ്റൊരുഭാഗം വടകര മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. വടകരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണയുടേയും കണ്ണൂരിലെ സ്ഥാനാര്‍ഥി സി. രഘുനാഥിന്റേയും ഫ്‌ളക്‌സുകള്‍ ടോള്‍ ബൂത്തിന് സമീപത്തായി സ്ഥാപിച്ചിരുന്നു.

ഉദ്ഘാടനത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍. ഷംസീറും ഡബിള്‍ ഡക്കര്‍ ബസില്‍ യാത്രനടത്തി. ബൈപ്പാസ് നാടിന് ഗുണമാണെന്നത് യാഥാര്‍ഥ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പുള്ളിമാന്റെ പുള്ളി തേച്ചുമാച്ചു കളഞ്ഞാലും പോവില്ല. അതുപോലെ ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ എത്ര തേച്ചുമായ്ച്ചു കളഞ്ഞാലും മായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://fb.watch/qKzD-NslIF

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയില്‍ സന്നിഹിതരായിരുന്നു.

https://fb.watch/qKzqkVp1_h

മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ്. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.