മമ്പറം ദിവാകരൻ
കണ്ണൂര്‍; കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി മമ്പറം ദിവാകരന്‍. യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനാര്‍ഥിയാകാനുള്ള നീക്കം ഉപേക്ഷിച്ചത്. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാമെന്ന ഉറപ്പ് മമ്പറം ദിവാകരന് ലഭിച്ചതായാണ് വിവരം. പദവികള്‍ തിരികെ നല്‍കുകയും ചെയ്‌തേക്കും.
നേരത്തേ കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ സുധാകരനെ പ്രഖ്യാപിച്ചതോടെയാണ് മമ്പറം ദിവാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞത്. യഥാര്‍ഥ കോണ്‍ഗ്രസുകാരനായാണ് മത്സരിക്കുന്നതെന്നും മരിക്കുംവരെ കോണ്‍ഗ്രസുകാരനായി തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരന്‍ രണ്ട് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗീകരിച്ച പാനലിനെതിരേ മത്സരിച്ചതോടെയാണ് പര്‍ട്ടി നടപടി. ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
