Photo: Gettyimages
ഭൂലോകത്തുള്ള സകല വിഷയങ്ങളിലും എഴുതാനും മറ്റ് ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും കഴിവുള്ള ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ പരിശീലിപ്പിക്കാന്‍ വലിയ അളവിലുള്ള ഡാറ്റ ആവശ്യമാണ്. എന്നാല്‍ ഈ ഡാറ്റ എവിടുന്നാണ് എടുക്കുന്നത്.? ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാന്‍ അനധികൃതമായി തങ്ങളുടെ കൃതികള്‍ എടുത്തുവെന്നാരോപിച്ച് ഒരു കൂട്ടം എഴുത്തുകാര്‍ രംഗത്തുവന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇമേജ് ജനറേഷന്‍ എഐയെ പരിശീലിപ്പിക്കാന്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ എടുത്തതിന് ചിത്രകാരന്മാരും രംഗത്തുവന്നു.
ഇപ്പോഴിതാ സമാനമായ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ബ്രയാന്‍ കീന്‍, അബ്ദി നസെമിയന്‍, സ്റ്റുവര്‍ട്ട് ഒനാന്‍ തുടങ്ങിയ എഴുത്തുകാരാണ് എന്‍വിഡിയയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. നീമോ (NeMo) എന്ന എഐ പ്ലാറ്റ്‌ഫോമിനെ പരിശീലിപ്പിക്കാന്‍ പകര്‍പ്പാവകാശമുള്ള തങ്ങളുടെ പുസ്തകങ്ങള്‍ എന്‍വിഡിയ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ആരോപണം.
നീമോയുടെ പരിശീലനത്തില്‍ തങ്ങളുടെ കൃതികള്‍ ഉപയോഗിച്ചിരുന്നതായി എഴുത്തുകാര്‍ അവകാശപ്പെടുന്നു. പകര്‍പ്പവകാശ ലംഘനം റിപ്പോര്‍ട്ടുചെയ്തതിനെ തുടര്‍ന്ന് പരിശീലനത്തിനുപയോഗിച്ച ഡാറ്റാസെറ്റ് ഒക്ടോബറില്‍ നീക്കം ചെയ്തു.
സാധാരണ എഴുത്തു ഭാഷ അനുകരിക്കാന്‍ കഴിവുള്ള എഐ ആണ് നീമോ. ഇതിനെ പരിശീപ്പിക്കാന്‍ ഉപയോഗിച്ച 196640 പുസ്തകങ്ങള്‍ അടങ്ങുന്ന ഡാറ്റാ സെറ്റിലാണ് തങ്ങളുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് ബ്രയാന്‍ കീന്‍, അബ്ദി നസെമിയന്‍, സ്റ്റുവര്‍ട്ട് ഒ-നാന്‍ എന്നിവര്‍ പറയുന്നു. കീനിന്റെ 2008-ലെ നോവല്‍ ‘ഗോസ്റ്റ് വാക്ക്’, നസെമിയന്റെ 2019 ലെ നോവല്‍ ‘ലൈക്ക് എ ലവ് സ്റ്റോറി, 2007-ലെ ഒ’നാന്റെ നോവല്‍ ‘ലാസ്റ്റ് നൈറ്റ് അറ്റ് ദി ലോബ്സ്റ്റര്‍’ എന്നിവയാണവ.
വെള്ളിയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയിലാണ് എഴുത്തുകാര്‍ പരാതി നല്‍കിയത്. ഡാറ്റാ സെറ്റ് പിന്‍വലിച്ചത് തങ്ങളുടെ പകര്‍പ്പാവകാശ ലംഘന ആരോപണം കമ്പനി ശരിവെക്കുന്നതിന് തുല്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നീമോയുടെ ഭാഷാ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെട്ട പകര്‍പ്പാവകാശമുള്ള കൃതികളുടെ രചയിതാക്കള്‍ക്ക് വേണ്ടിയെല്ലം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മൂവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
