കൊല്ലപ്പെട്ട ചൈതന്യ മന്ദാഗനി, 2. ചൈതന്യയും ഭർത്താവും | Photo: facebook.com/JasonWood.updates

ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്.

ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് കത്തയച്ചു.

സംഭവത്തില്‍ വിക്ടോറിയ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.