മുഖ്യമന്ത്രിയെ കണ്ടശേഷം ജയപ്രകാശ് മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്.

സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.

സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെങ്കില്‍ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് പറഞ്ഞു.