സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനലിൽ ഏറ്റുമുട്ടുന്ന സർവീസസ് ക്യാപ്റ്റൻ ക്രിസ്റ്റഫർ കമേയും ഗോവയുടെ ക്യാപ്റ്റൻ മുഹമ്മദ് അലിയും വെള്ളിയാഴ്ച കിരീടത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
ഇറ്റാനഗര്‍: 77-ാം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് അതിന്റെ ക്ലൈമാക്സിലേക്ക്. 18 ദിനങ്ങളും 36 മത്സരങ്ങളും നീണ്ട ടൂർണമെന്റിലെ ഫൈനലിൽ ശനിയാഴ്ച സർവീസസും ഗോവയും ഏറ്റുമുട്ടും. വൈകീട്ട് ഏഴുമണിക്ക് യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം.
സർവീസസിന്റെ 12-ാമത്തെയും ഗോവയുടെ 14-ാമത്തെയും ഫൈനലാണിത്. സർവീസസ് ഏഴാം കിരീടം ലക്ഷ്യംവെക്കുമ്പോൾ ഗോവയിറങ്ങുന്നത് ആറാം കിരീടത്തിനായി.
മാനസികമായും ശാരീരികമായും ടീം മികച്ച തലത്തിലാണെന്നും ഫൈനലിന് പൂർണസജ്ജരാണെന്നും സർവീസസ് പരിശീലകൻ എം.ജി. രാമചന്ദ്രൻ പറഞ്ഞു. കരിയറിലെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നിനാണ് തയ്യാറെടുക്കുന്നത്. അതിനാൽ ജയം ലക്ഷ്യമിട്ടുതന്നെയാണ് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘സർവീസസ് നല്ല ടീമാണ്. അവർക്കെതിരേ കളിക്കുമ്പോൾ ഞങ്ങളുടെ മികച്ച നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ടൂർണമെന്റിൽ ഞങ്ങൾ ഇതുവരെ തോറ്റിട്ടില്ല. ഞങ്ങളുടെ കളിക്കാർ തോൽക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നതിന് തെളിവാണത്. ജയവും തോൽവിയും കളിയുടെ ഭാഗമാണെങ്കിലും ഫൈനൽ വിട്ടുകൊടുക്കില്ല.’’ -ഗോവ പരിശീലകൻ ചാൾസ് ഡിയാസ് പറഞ്ഞു.
അവസാനനിമിഷംവരെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞ സെമിഫൈനൽ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരു ടീമുകളും ഫൈനൽ ബെർത്ത് ഉറപ്പാക്കിയത്. മിസോറമിനെ ഒന്നിനെതിരേ രണ്ടുഗോളിന് തോൽപ്പിച്ചായിരുന്നു സർവീസസിന്റെ ഫൈനൽ പ്രവേശനം. കളിയുടെ അവസാന മിനിറ്റുകളിൽ മിസോറമിന്റെ കടുത്ത ആക്രമണങ്ങളെ ഒരുവിധം പ്രതിരോധിച്ചാണ് സർവീസസ് ഫൈനൽ ഉറപ്പിച്ചത്. മറ്റൊരു സെമിയിൽ, ജയമുറപ്പിച്ചിരുന്ന മണിപ്പുർ നിരയെ ഇഞ്ചുറിടൈമിലും അധികസമയത്തും നേടിയ ഗോളുകളിൽ ഞെട്ടിച്ചാണ് (2-1) ഗോവ ഫൈനലിൽ എത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ സർവീസസിനെ 2-1ന് തോൽപ്പിക്കാനായി എന്നത് ഫൈനലിൽ ഗോവയ്ക്ക് ആത്മവിശ്വാസം നൽകും. എന്നാൽ, ഓരോ മത്സരം പുരോഗമിക്കുന്തോറും മികവിലേക്കുയർന്ന സർവീസസിന്റെ കരുത്തിനെ കുറച്ചുകാണാനാകില്ല.
മലയാളി മിഡ്ഫീൽഡർമാരായ വിജയ് ജെറാൾഡും രാഹുൽ രാമകൃഷ്ണനും ഡിഫൻഡർ പി.പി. ഷഫീലുമാണ് സർവീസസിന്റെ കരുത്ത്. പ്രതിരോധത്തിലും മുന്നേറ്റത്തിന് പന്തെത്തിക്കുന്നതിലും ഒരുപോലെ മികവുപുലർത്തുന്ന ഷഫീൽ തിളങ്ങിയാൽ പട്ടാളപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. പകരക്കാരടക്കം എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നത് സർവീസസിന് ആത്മവിശ്വാസമേകും.
മറുവശത്ത് ഏത് പ്രതികൂല സാഹചര്യങ്ങളിലും കളിയിൽ നിയന്ത്രണം നഷ്ടപ്പെടാതെ കളിച്ച് വിജയം പിടിച്ചെടുക്കാൻ സാധിക്കുന്നത് ഗോവയെ മറ്റ് ടീമുകളിൽനിന്ന് വ്യത്യസ്തരാക്കുന്നു. മണിപ്പുരിനെതിരായ സെമിതന്നെ ഉദാഹരണം. സ്‌ട്രൈക്കർ നെസിയോ മരിസ്റ്റോ ഫെർണാണ്ടസിന്റെ ഫോമും അവരുടെ കരുത്ത് വർധിപ്പിക്കുന്നു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഗോവ ഒരുപോലെ മികവുകാട്ടുന്നു.
