സുരേഷ് പച്ചൗരിയെ ബിജെപിയിലേക്ക് സ്വീകരിക്കുന്നു | Photo: Screen grab/ X: ANI

ഭോപാല്‍: മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച രാവിലെ മുന്‍ എം.എല്‍.എയായ സഞ്ജയ് ശുക്ലക്കൊപ്പം ഭോപാലിലെ ബി.ജെ.പി. ഓഫീസിലെത്തിയാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രി മോഹന്‍യാദവ്, മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ എന്നിവര്‍ചേര്‍ന്ന് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പച്ചൗരി, പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്‌സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭാ എം.പിയായിരുന്നു. 2008 മുതല്‍ മൂന്ന് വര്‍ഷം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു.

ദിശാ ബോധമില്ലാത്ത കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ മികച്ച നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണെന്ന് ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നാശത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ വി.ഡി. ശര്‍മയും പച്ചൗരിയുടെ പാര്‍ട്ടി പ്രവേശത്തെ സ്വാഗതം ചെയ്തു.