ഡോളി സോഹി | Photos: instagram.com/dolly_sohi/?hl=en
സ്ത്രീകൾക്കിടയിൽ സെർവിക്കൽ കാൻസർ വർധിച്ചുവരുന്നതായാണ് പലകണക്കുകളും വ്യക്തമാക്കുന്നത്. ഏറ്റവുമധികം സെർവിക്കൽ കാൻസർ രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതു കണക്കിലെടുത്താണ് ഇക്കഴിഞ്ഞ ഇടക്കാലബജറ്റിൽ സെർവിക്കൽ കാൻസർ പ്രതിരോധത്തിന് വാക്സിൻ വ്യാപകമാക്കുമെന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്. സെർവിക്കൽ കാൻസർ കേസുകളുടെ നിരക്കുകൾ വർധിക്കുന്നതിനിടെയാണ് ഈ രോഗം ബാധിച്ച് ഹിന്ദി ടെലിവിഷൻ താരം ഡോളി സോഹി(48) മരണപ്പെട്ട വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത്. ഡോളിയുടെ സഹോദരിയും നടിയുമായ അമൻദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനു തൊട്ടുപിന്നാലെയാണ് ഡോളിയുടെ അന്ത്യം.
ആറുമാസങ്ങൾക്കു മുമ്പാണ് ഡോളിക്ക് സെർവിക്കൽ കാൻസർ സ്ഥിരീകരിച്ചതെന്ന് സഹോദരൻ മൻപ്രീത് പറഞ്ഞു. രോഗത്തിനുള്ള ചികിത്സയിലൂടെ കടന്നുപോവുകയായിരുന്നു താരം. രോഗം വ്യാപിച്ച് ശ്വാസകോശത്തിലേക്കും പടർന്നിരുന്നു. ശ്വാസതടസ്സം നേരിട്ടതിനേത്തുടർന്നാണ് കുടുംബം കഴിഞ്ഞദിവസം ഡോളിയെ മുംബൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാമൂഹികമാധ്യമത്തിലും സജീവമായിരുന്നു ഡോളി. കീമോതെറാപ്പി സെഷനു ശേഷമുള്ള അടുത്തിടെ പങ്കുവെച്ചിരുന്നു. ഈയിടെ ജീവിതം ഒരു റോളർ കോസ്റ്റർ സവാരി പോലെയാണെന്നും പോരാടാനുള്ള ശക്തിയുണ്ടെങ്കിൽ യാത്ര എളുപ്പമായിരിക്കുമെന്നും കുറിച്ചാണ് ചിത്രം പോസ്റ്റ്ചെയ്തത്.
അടുത്തിടെ നടിയും മോഡലുമായ പൂനം പാണ്ഡേ സെർവിക്കൽ കാൻസർ ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്ത സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചതിനെതിരെ ഡോളിയുടെ സഹോദരി അമൻദീപ് രംഗത്തെത്തിയിരുന്നു. രോഗത്തേക്കുറിച്ച് പബ്ലിസിറ്റി നൽകാൻ പൂനം സ്വീകരിച്ച മാർഗത്തെ വിമർശിച്ചാണ് അമൻദീപ് വീഡിയോ പങ്കുവെച്ചത്. ഈ രോഗത്തോട് യഥാർഥമായി പൊരുതുന്നവർക്ക് യാതൊരു പരിഗണനയും നൽകാതെ അവരുടെ വികാരങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ വെറും പബ്ലിസിറ്റിക്കുവേണ്ടി സെർവിക്കൽ കാൻസറിനെ കൂട്ടുപിടിക്കുകയാണ് പൂനം ചെയ്തതെന്നാണ് അന്ന് അമൻദീപ് പറഞ്ഞത്.
എന്താണ് സെർവിക്കൽ കാൻസർ?
മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?
സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.
കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.
ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?
- 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
- കൂടുതല്‍ പ്രസവിക്കുന്നവര്‍.
- ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
- ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
- പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.
എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?
- തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
- അമിതമായ വെള്ളപോക്ക്.
- ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
- സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
- ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.
