കെ.മുരളീധരൻ

1998-ല്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ തോല്‍വിയറിഞ്ഞ സ്ഥാനാര്‍ഥിയാണ് കെ. മുരളീധരന്‍. പക്ഷേ, അന്നത്തെ നേതാവല്ല ഇപ്പോഴത്തെ മുരളീധരന്‍ എന്ന് മറുപക്ഷംപോലും അംഗീകരിക്കും.

തൃശ്ശൂര്‍: വി.എസ്. സുനില്‍കുമാറും സുരേഷ് ഗോപിയും കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണമത്സരംകൊണ്ട് തുടക്കംമുതല്‍ ശ്രദ്ധേയമായ തൃശ്ശൂര്‍ മണ്ഡലം, കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതനീക്കത്തിലൂടെ വീണ്ടും ജനശ്രദ്ധ നേടുന്നു. സിറ്റിങ് എം.പി.യായ ടി.എന്‍. പ്രതാപനെ മാറ്റി, വടകരയുടെ പ്രതിനിധി കെ. മുരളീധരനെ തൃശ്ശൂരിലിറക്കി ഓളംതീര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

ഇതുകൊണ്ട് രണ്ടുചുവടു മുന്നേറ്റമാണ് ഒറ്റയടിക്ക് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് പദ്മജാ വേണുഗോപാല്‍ ബി.ജെ.പി.യിലേക്ക് ചേക്കേറിയതിന്റെ ക്ഷീണവും ചര്‍ച്ചയും ഊഹാപോഹങ്ങളും 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാനായി എന്നതാണ് ഒരു നേട്ടം. കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍, പാര്‍ട്ടിപ്രവര്‍ത്തകരായ ഏവര്‍ക്കും സ്വീകാര്യനായ നേതാവിനെ രംഗത്തിറക്കാനായി എന്നതാണ് മറ്റൊരു നേട്ടം. സിറ്റിങ് എം.പി.യായ ടി.എന്‍. പ്രതാപന്‍ അനുകൂല നിലപാടെടുത്തതും പാര്‍ട്ടിക്ക് കരുത്തായി. ലോക്സഭാ മത്സരത്തോട് ആഭിമുഖ്യമില്ലെന്ന് ആദ്യമേ രഹസ്യമായും പരസ്യമായും പ്രഖ്യാപിച്ച പ്രതാപന്, കെ. മുരളീധരന്റെ രംഗപ്രവേശം എല്ലാ വിധത്തിലും സ്വീകാര്യവുമായി.

കെ. മുരളീധരന്‍ വരുന്നതുകൊണ്ട് കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടങ്ങളായി നേതൃത്വവും സജീവപ്രവര്‍ത്തകരും വിലയിരുത്തുന്നത്:

1.നെഗറ്റീവ് വോട്ടുകളെ പേടിക്കേണ്ടാ.

2.പ്രവര്‍ത്തകര്‍ ആവേശത്തോടെ രംഗത്തിറങ്ങും; ഗ്രൂപ്പിസം ബാധിക്കില്ല.

3.സുരേഷ് ഗോപിയിലേക്ക് ചായുമായിരുന്ന കുറേ വോട്ടുകള്‍ തിരിച്ചു പിടിക്കാനാകും.

4.മതന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ ലഭിക്കും.

5.പദ്മജയുടെ പാര്‍ട്ടിമാറ്റത്തിന്റെ ക്ഷീണം മറികടക്കാം.

1998-ല്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ തോല്‍വിയറിഞ്ഞ സ്ഥാനാര്‍ഥിയാണ് കെ. മുരളീധരന്‍. പക്ഷേ, അന്നത്തെ നേതാവല്ല ഇപ്പോഴത്തെ മുരളീധരന്‍ എന്ന് മറുപക്ഷംപോലും അംഗീകരിക്കും. ശക്തമായ തീരുമാനങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും നേതൃപാടവവുമുള്ള മുരളീധരന്‍ പ്രചാരണത്തില്‍ കളം നിറയുന്ന സ്ഥാനാര്‍ഥിയാണ്. എതിരാളികള്‍ ശക്തരാണെന്ന തോന്നലും മുരളീധരനെ തൃശ്ശൂരിലേക്കു മാറ്റാന്‍ കാരണമായിട്ടുണ്ട്. സി.പി.ഐ.യുടെ വി.എസ്. സുനില്‍കുമാറും ബി.ജെ.പി.യുടെ സുരേഷ് ഗോപിയും ഇതിനകം മണ്ഡലത്തില്‍ നിറഞ്ഞുകഴിഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ ഔദ്യോഗികപ്പട്ടിക പുറത്തുവരുംമുന്‍പേ കെ. മുരളീധരനുവേണ്ടി ടി.എന്‍. പ്രതാപന്‍ എം.പി.യുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ തളിക്കുളത്ത് ചുവരെഴുതുന്നു. വ്യാഴാഴ്ച പ്രതാപന്‍ കെ. കരുണാകാരന്റെ സ്മതികുടീരത്തില്‍ പ്രാര്‍ഥിച്ചശേഷം തൃശ്ശൂരില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍, രാത്രിയോടെ പ്രതാപനെ മാറ്റി മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനംവന്നു. 150-ഓളം സ്ഥലങ്ങളില്‍ പ്രതാപനുവേണ്ടി ചുവരെഴുത്തുകള്‍ നടത്തിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും തയ്യാറാക്കി.

രാഷ്ട്രീയപോരാട്ടം -വി.എസ്. സുനില്‍കുമാര്‍

തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരായാലും പ്രശ്‌നമില്ലെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തൃശ്ശൂരില്‍ കെ. മുരളീധരനായാലും പ്രതാപനായാലും രാഷ്ട്രീയപോരാട്ടംതന്നെയാണ്. അതില്‍ ആശങ്കയില്ല. പദ്മജയുടെ ബി.ജെ.പി. പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നറിയില്ല. ഇതവരുടെ ആഭ്യന്തരകാര്യമാണ്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് സ്ഥാനാര്‍ഥിയായാലും അത് വിലയിരുത്തേണ്ട കാര്യമില്ല. എല്‍.ഡി.എഫിന് ജയം മാത്രമാണ് ലക്ഷ്യം. ഏത് എതിരാളിയായാലും ബഹുമാനമുണ്ട്. മുരളിയായാലും പ്രതാപനായാലും പ്രശ്‌നമുള്ളയാളുകളല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.