photo: @narendramodi/twitter

ആനപ്പുറത്തേറി പ്രധാനമന്ത്രി വൈറലായി പ്രധാനമന്ത്രിയുടെ കാസിരംഗ സന്ദര്‍ശനം

ദിസ്പുര്‍: അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്യാനത്തിലെത്തിയ അദ്ദേഹം, ആനപ്പുറത്തും ജീപ്പിലും സവാരി നടത്തി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കാസിരംഗയില്‍, പ്രധാനമന്ത്രി ഇതാദ്യമായാണ് സന്ദര്‍ശനം നടത്തുന്നത്.

സെന്‍ട്രല്‍ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയില്‍ ശനിയാഴ്ച രാവിലെയാണ് അദ്ദേഹം എലഫന്റ് സഫാരി നടത്തിയത്. ഉദ്യാനത്തിലൂടെ അദ്ദേഹം ജീപ്പ് സഫാരിയും നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാര്‍ക്ക് ഡയറക്ടര്‍ സൊനാലി ഘോഷും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. രണ്ടുദിവസത്തെ അസം സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദി കാസിരംഗ ദേശീയ ഉദ്യാനത്തിലെത്തിയത്.

ഇവിടെനിന്ന് ജോഹര്‍ട്ട് ജില്ലയിലെ മെലങ് മെതെലി പോത്തറിലേക്കുപോകുന്ന അദ്ദേഹം 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും. പിന്നീട് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിക്കും.