Photo | AFP
ധരംശാല: ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാംദിവസവും മികച്ച കാഴ്ചകള്‍ സമ്മാനിച്ച് ഇന്ത്യന്‍ ടീം. സെഞ്ചുറിയോടെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നടത്തിയത് വന്‍ കൂട്ടുകെട്ട്. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനും (56) അരങ്ങേറ്റ താരം ദേവ്ദത്ത് പടിക്കലും (65) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച ടോട്ടല്‍ പിന്നിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, സ്റ്റമ്പെടുത്തപ്പോള്‍ 120 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തു. 255 റണ്‍സിന്റെ ലീഡ്.
162 പന്തുകളില്‍ 103 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണിത്. മൂന്ന് സിക്‌സും 13 ഫോറും ഉല്‍പ്പെടെ ശുഭ്മാന്‍ ഗില്‍ 110 റണ്‍സ് നേടി പുറത്തായി. രോഹിത്തിനെ ബെന്‍ സ്‌റ്റോക്‌സും ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. കുല്‍ദീപ് യാദവും (27) ജസ്പ്രീത് ബുംറയും (19) ആണ് ക്രീസില്‍.
ദേവ്ദത്ത് പടിക്കലിനെയും സര്‍ഫറാസ് ഖാനെയും ഷുഐബ് ബഷീറാണ് മടക്കിയത്. റൂട്ടിന്റെ കൈകളിലെത്തിയാണ് സര്‍ഫറാസിന്റെ മടക്കം. പിന്നാലെയെത്തിയവര്‍ക്ക് തുടക്കക്കാരുടെ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറേല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (പൂജ്യം) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ടീം സ്‌കോര്‍ 427-ല്‍ നില്‍ക്കേ മൂന്നുപേരാണ് വിക്കറ്റ് കളഞ്ഞത്. ഇംഗ്ലണ്ടിനുവേണ്ടി ഷുഐബ് ബഷീര്‍ നാലും ടോം ഹാര്‍ട്ട്‌ലി രണ്ടും ബെന്‍ സ്‌റ്റോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.
15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുല്‍ദീപിനായിരുന്നു. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റെടുത്തു.
പന്തിനെയും പിച്ചിനെയും മനസ്സിലാക്കാതെയുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്. ഈ പിച്ചില്‍ ബാറ്റിങ് അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞുകാണും.സാക് ക്രൗളിയും (79) ബെന്‍ ഡക്കറ്റും (27) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സിലെത്തിച്ചിരുന്നു.
ഒമ്പതാം ഓവറില്‍ ഷോയിബ് ബഷീറിനെതിരേ മൂന്നു സിക്‌സ് നേടിയ ജയ്‌സ്വാള്‍ ക്രീസില്‍നിന്നിറങ്ങി അമിത ആത്മവിശ്വാസത്തില്‍ ബാറ്റുവീശിയപ്പോള്‍ വിലകൊടുക്കേണ്ടിവന്നു. അഞ്ചു ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 57 ലെത്തിയപ്പോള്‍ ബഷീറിന്റെ പന്തില്‍ സ്റ്റമ്പ്ഡ് ആയി.
ഇതിനിടെ, ടെസ്റ്റില്‍ 1000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് (713) എന്ന റെക്കോഡും സ്വന്തമാക്കി. പരമ്പരയില്‍ ഏതൊരു ടീമിനെതിരേയും കൂടുതല്‍ റണ്‍സ് എന്ന സുനില്‍ ഗാവസ്‌കറുടെ റെക്കോഡിലേക്ക് (774) ചെറിയ ദൂരം മാത്രം. ഒപ്പം ഇന്നിങ്സ് അടിസ്ഥാനത്തില്‍, അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാം ഇന്ത്യക്കാരനായി. വിനോദ് കാംബ്ലി 14 ഇന്നിങ്സില്‍ 1000 തികച്ചപ്പോള്‍ 16-ാം ഇന്നിങ്സിലാണ് ജയ്സ്വാള്‍ 1000-ത്തിലെത്തിയത്.
