പത്മജ വേണുഗോപാൽ

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്ന് ഏകദേശമുറപ്പായിരിക്കേ ബി.ജെ.പി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം സ്വീകരിച്ച പത്മജയെത്തുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബി.ഡി.ജെ.എസിന്റെ സീറ്റാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പത്മജയെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങളുയരുന്നുണ്ട്‌. വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് തള്ളാതെയും കൊള്ളാതെയുമുള്ള പത്മജയുടെ മറുപടിയും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടുന്നു.

ബി.ജെ.പിയെ പേടിച്ചാണ് സുരക്ഷിത സ്ഥാനം തേടി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്ന ആരോപണം ബി.ജെ.പി അതിശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇവിടെ പത്മജയെ മത്സരിപ്പിക്കുക എന്നത് ദേശീയ തലത്തിലും വലിയ ചര്‍ച്ചയാക്കാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. ഒരു കാലത്ത് ഇന്ദിരാഗാന്ധിയുമായി ഏറ്റവും അടുത്ത നേതാവെന്ന നിലയ്ക്ക് അറിയപ്പെട്ടിരുന്ന ആളായിരുന്നു കെ.കരുണാകരന്‍. ഇതേ ഇന്ദിരയുടെ കൊച്ചുമകന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന് വേണ്ടിയും കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിക്ക് വേണ്ടിയും ഒരേ മണ്ഡലത്തില്‍ നിന്ന് വോട്ട് തേടുമ്പോള്‍ അത് ദേശീയ തലത്തിലുണ്ടാക്കുന്ന ചലനം ചെറുതായിരിക്കില്ലെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.

എന്‍.ഡി.എയ്ക്ക് വേണ്ടി കഴിഞ്ഞ തവണ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു . ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയിരുന്നത്. 78816 വോട്ടുപിടിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് പത്മജ പറഞ്ഞത്. പത്മജ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ ബി.ഡി.ജെഎസിന് മറ്റൊരു സീറ്റ് കണ്ടുപിടിക്കേണ്ടി വരും.