ടി.എൻ.പ്രതാപൻ

തൃശ്ശൂര്‍: പാര്‍ട്ടി തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ടി.എന്‍.പ്രതാപന്‍. തൃശ്ശൂരില്‍ പ്രതാപനെ മാറ്റി കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ സംഘബലം മാത്രം പോരെന്നും ബുദ്ധിപരമായ നീക്കത്തിനാണ് പ്രധാനമെന്നും പ്രതാപന്‍ പറഞ്ഞു. തൃശ്ശൂരടക്കമുള്ള കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെയാണ് പ്രതാപന്റെ പ്രതികരണം.

സ്ഥാനാര്‍ഥി പട്ടികയില്‍ വന്‍ സര്‍പ്രൈസ് ഉണ്ടാകുമെന്ന് വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു. വടകര എം.പിയായ കെ.മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന അഭ്യൂഹമാണ് ഇതില്‍ പ്രധാനം.

‘എല്ലാ വശങ്ങളും എ.ഐ.സി.സി നേതൃത്വം പരിശോധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ നേതാക്കള്‍ എന്നോട് ആശയവിനമയം നടത്തിയിട്ടുണ്ട്. സന്ദര്‍ഭമാണ് രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഏറ്റവും ബുദ്ധിപരമായ തീരുമാനം. സന്ദര്‍ഭത്തിനനുസരിച്ച് തീരുമാനമെടുക്കണം. എതിരാളികളെ അടിക്കാന്‍ കിട്ടുന്ന അവസരത്തില്‍ നല്ല വടികൊണ്ട് തന്നെ അടിക്കണം. അടിക്കുമ്പോള്‍ മോതിരക്കൈ കൊണ്ട് അടിക്കണം. ബി.ജെ.പിയോടും ആര്‍.എസ്എസ് സംഘപരിവാര്‍ ശക്തികളോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സംഘബലം മാത്രംപോരാ ബുദ്ധിപരമായ നീക്കംകൂടി വേണം. ഇന്നത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ അത്തരമൊരു നീക്കം കാണാം’ പ്രതാപന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തൃശ്ശൂരിലെ സ്ഥാനാര്‍ഥി മാറ്റം എന്നതും ശ്രദ്ധേയമാണ്. കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ അദ്ദേഹത്തിന്റെ മകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കെ.മുരളീധരനിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പ്.