ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുന്ന പത്മജ വേണുഗോപാൽ. (IANS/Qamar Sibttain)

തൃശൂർ∙ പത്മജ വേണുഗോപാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഭര്‍ത്താവ് ഡോ.വി.വേണുഗോപാല്‍. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ പ്രശ്നങ്ങൾ പത്മജയ്ക്കുണ്ടായിരുന്നു. ഭേദമായി വരികയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ ഏഴു നിയോജകമണ്ഡലങ്ങളിലും ഓടിനടക്കേണ്ടി വരും. എല്ലായിടത്തും ഓടിനടന്നു പ്രചാരണത്തിന് ഇറങ്ങാൻ പറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു.

തൃശൂരിൽ കെ.മുരളീധരൻ സ്ഥാനാർഥിയാവുകയാണെങ്കിൽ ബിജെപി ആവശ്യപ്പെട്ടാൽ ഉറപ്പായും പ്രചാരണത്തിനിറങ്ങും. ഇനിയുള്ള രാഷ്ട്രീയം ബിജെപിയിൽ തന്നെയായിരിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തിനെയും അദ്ദേഹം വിമര്‍ശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.