Photo: Hyundai

എന്‍8, എന്‍10 എന്നീ രണ്ട് വേരിയന്റുകളിലാണ് ക്രെറ്റയുടെ എന്‍ലൈന്‍ എത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഹ്യുണ്ടായി വാഹനങ്ങളുടെ പെര്‍ഫോമെന്‍സ് പതിപ്പ് ശ്രേണിയായ എന്‍ ലൈന്‍ നിരയിലേക്ക് ക്രെറ്റയെ കൂടി ചേര്‍ക്കുകയാണ്. മുഖംമിനുക്കിയെത്തിയ പുതിയ മോഡലിന് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് ഈ വാഹനത്തെ എന്‍ ലൈന്‍ മേല്‍വിലസത്തിലുമെത്തിക്കുന്നത്. മാര്‍ച്ച് 11-ാം തീയതി വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ വില സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ 60,000 രൂപ വരെ എന്‍ ലൈനിന് അധികമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

എന്‍8, എന്‍10 എന്നീ രണ്ട് വേരിയന്റുകളിലാണ് ക്രെറ്റയുടെ എന്‍ലൈന്‍ എത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റെഗുലര്‍ ക്രെറ്റയുടെ SX(ടെക്), SX(O) എന്നീ വേരിയന്റുകളായിരിക്കും എന്‍ലൈന്‍ മോഡലുകളാകുന്നത്. ടര്‍ബോ എന്‍ജിന്‍ ഡി.സി.ടി. ഗിയര്‍ബോക്‌സില്‍ മാത്രമാണ് ഈ വേരിയന്റുകള്‍ എത്തുന്നത്. റെഗുലര്‍ മോഡലിന് 20 ലക്ഷം രൂപയോളം വില വരുന്ന ഈ ഈ വേരിയന്റുകള്‍ എന്‍ലൈന്‍ ആകുന്നതോടെ 20.50 ലക്ഷം രൂപ മുതല്‍ 20.60 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചനകള്‍.

റെഗുലര്‍ ക്രെറ്റയെ അല്‍പ്പം സ്‌പോര്‍ട്ടിയാക്കിയാണ് എന്‍ലൈന്‍ ഒരുക്കിയിരിക്കുന്നത്. വലിപ്പമുള്ള ഗ്രില്ല്, ഇതിലെ എന്‍ലൈന്‍ ബാഡ്ജിങ്, എയര്‍ഡാമിന് ചുറ്റിലുമായി ആര്‍മര്‍ കിറ്റിന് സമാനമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എലമെന്റ് എന്നിവയാണ് മുഖത്തെ എന്‍ലൈന്‍ രൂപത്തിലാക്കുന്നത്. എന്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള പുതിയ അലോയി വീല്‍, ചുവപ്പ് നിറത്തിലുള്ള കാലിപ്പറുകള്‍ എന്നിവ വശങ്ങളിലും ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പ്, ഡിഫ്യൂസര്‍, എക്സ്റ്റന്റഡ് റൂഫ് മൗണ്ടഡ് സ്പോയിലര്‍, എന്‍ലൈന്‍ ബാഡ്ജിങ്ങ് ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്‍ഭാഗത്തും മാറ്റം നല്‍കും.

ഇന്റീരിയറിലെ ഫീച്ചറുകള്‍ റെഗുലര്‍ ക്രെറ്റയില്‍ നല്‍കിയിട്ടുള്ളതായിരിക്കും. എന്നാല്‍, റെഡ് സ്റ്റിച്ചിങ്ങ്, എന്‍ ബാഡ്ജിങ്ങ് തുടങ്ങിയ അലങ്കാരങ്ങള്‍ എന്‍ലൈന്‍ മോഡലിനെ വ്യത്യസ്തമാക്കും. അഡാസ് ലെവല്‍2 സുരക്ഷ ഫീച്ചറുകളും എന്‍ലൈന്‍ ക്രെറ്റയെ കൂടുതല്‍ കാര്യക്ഷമമാക്കും. മുന്നിലും പിന്നിലുമുള്ള ക്യാമറകളും ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ സംവിധാനവും, ഓട്ടോമാറ്റിക് വൈപ്പര്‍, ഹെഡ്ലാമ്പ് തുടങ്ങിയവയും വാഹനത്തിന്റെ സാങ്കേതിക തികവിനെ സാക്ഷ്യപ്പെടുത്തും.

റെഗുലര്‍ ക്രെറ്റയില്‍ കരുത്ത് പകരുന്ന എന്‍ജിനായിരിക്കും എന്‍ലൈന്‍ പതിപ്പിനും കുതിപ്പേകുന്നത്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 158 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടാണ് എത്തുന്നതെങ്കിലും പെര്‍ഫോമെന്‍സ് മെച്ചപ്പെടുത്തുന്നതിനായി സസ്പെന്‍ഷന്‍, എക്സ്ഹോസ്റ്റ്, സ്റ്റിയറിങ്ങ് എന്നിവയില്‍ മാറ്റം വരുത്തുന്നുണ്ട്.