ഷൈജാ തമ്പി

MARCH 8 WOMEN’S DAY

മോര്‍ച്ചറിയിലെ വിറങ്ങലിച്ച കാഴ്ചകളില്‍ ആ മനസ്സ് ഇടറാറില്ല; ക്യാമറയിലെ ക്ലിക് ബട്ടനില്‍ തൊടുന്ന വിരല്‍ വിറയ്ക്കാറുമില്ല- ഇത് ഷൈജാ തമ്പി, 22 വര്‍ഷത്തിനിടെ ഇരുനൂറോളം മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റില്‍ പങ്കാളിയായ അപൂര്‍വ ചരിത്രമുള്ള വനിതാ ഫോട്ടോഗ്രാഫര്‍.

മാവേലിക്കര ചെറുകോല്‍ ചെറുമണ്ണാത്ത് കിഴക്കേതില്‍ ഷൈജാ തമ്പി ഫോട്ടോഗ്രഫിയിലേക്കു ചുവടുവെച്ചത് 22 വര്‍ഷം മുന്‍പാണ്. അന്നു പ്രായം 20. പഠിത്തംകഴിഞ്ഞാല്‍ കല്യാണം നാട്ടുനടപ്പ്. എന്നാല്‍, ആംബുലന്‍സ് ഡ്രൈവറോ പൈലറ്റോ അതുമല്ലെങ്കില്‍ ഫോട്ടോഗ്രാഫറോ ആകണമെന്നു ഷൈജ മോഹിച്ചു. അങ്ങനെയാണു കായംകുളം എം.എസ്.എം. കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കേ, വീട്ടുകാരറിയാതെ പോളിടെക്‌നിക്കില്‍ ഫോട്ടോഗ്രഫിക്കു ചേര്‍ന്നത്. 18 ആണ്‍കുട്ടികള്‍ക്കിടയിലെ പെണ്‍തരി. കോളേജിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങും. ഉച്ചവരെ പോളിയില്‍. ഉച്ചയ്ക്കുശേഷം കോളേജിലും. ട്യൂഷനെടുത്തുകിട്ടുന്ന വരുമാനം ഉപയോഗിച്ചായിരുന്നു പഠനം.

കോഴ്‌സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണു വീട്ടിലറിയിച്ചത്. ഒരു തല്ലു പ്രതീക്ഷിച്ച് അച്ഛന്‍ വിക്രമന്‍ തമ്പിയോടു കാര്യംപറഞ്ഞു. എന്നാല്‍, സ്വർണം പണയംവെച്ച് 7,500 രൂപയുടെ ക്യാമറ വാങ്ങിനല്‍കുകയാണ് അദ്ദേഹം ചെയ്തത്.

പഠിപ്പിച്ച അധ്യാപകനെ ക്യാമറ കാണിക്കാന്‍ പോയപ്പോഴാണ് ആദ്യ സംഭവം. ബസില്‍ പോകുമ്പോള്‍ കായംകുളത്ത് ഒരു സ്ത്രീ ഓടയ്ക്കരികില്‍ അവശനിലയില്‍ കിടക്കുന്നു. ഇറങ്ങിച്ചെന്ന് ചിത്രം പകര്‍ത്തി. പത്രപ്രവര്‍ത്തകര്‍ ആ ഫിലിം വാങ്ങിക്കൊണ്ടുപോയി.

ആയിടയ്ക്ക്, പരിചയക്കാരനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ബന്ധുക്കളോട് ഇന്‍ക്വസ്റ്റിനായി ഫോട്ടോഗ്രാഫറെ കൂട്ടിവരാന്‍ പോലീസ് പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിയപ്പോള്‍ പോലീസ് വിലക്കി. ഇത്തരം ഫോട്ടോകളെടുക്കാന്‍ പുരുഷ ഫോട്ടോഗ്രാഫര്‍ വേണം, നഗ്‌നമായ ശരീരം സ്ത്രീ പകര്‍ത്തുന്നതു ശരിയല്ല.- പോലീസ് പറഞ്ഞു.

ഇതു ജോലിയുടെ ഭാഗമല്ലേയെന്നും സ്ത്രീകളുടെ ചിത്രമെടുക്കുന്നതു പുരുഷന്മാരല്ലേയെന്നും തിരിച്ചുചോദിച്ചു. അങ്ങനെയാണ് ആദ്യമായി മോര്‍ച്ചറിയില്‍ കയറിയത്. ഇപ്പോഴത് തൊഴിലായി.

നടുക്കുന്ന കാഴ്ചകള്‍ പലതുംകണ്ടു. ദുര്‍ഗന്ധം സഹിച്ച് പഴകിയ മൃതദേഹങ്ങളുടെപോലും ഫോട്ടോയെടുത്തു. വയസ്സ് നാല്‍പ്പത്തൊന്ന്. ഭര്‍ത്താവ് അനില്‍കുമാര്‍ ഡ്രൈവറാണ്. മകന്‍: ഗുരുദാസ്.