ബേബി മുല്ലശ്ശേരിയോടൊപ്പം ലേഖകൻ രവി മേനോൻ/ ബേബി മുല്ലശ്ശേരി
WOMEN’S DAY SPECIAL
സ്‌നേഹവാത്സല്യങ്ങള്‍ക്ക് എന്റെ ചെറുപ്പകാല ഓര്‍മ്മകളില്‍ മിഴിവാര്‍ന്ന ഒരു മുഖമുണ്ട്; ബേബിമ്മായിയുടെ മുഖം. മുല്ലശ്ശേരിയുടെ വാതില്‍ തുറന്നു പിടിച്ച്, പോര്‍ട്ടിക്കോയില്‍ പതുങ്ങിനിന്ന ബെല്‍ബോട്ടംകാരന്‍ കുട്ടിയെ നോക്കി വിടര്‍ന്ന ചിരിയോടെ അമ്മായി ചോദിക്കുന്നു: ‘ആരാ? എവിടുന്നാ?’
തെല്ലു സങ്കോചമുണ്ട്; ജന്മനായുള്ള അന്തര്‍മുഖത്വവും. എങ്കിലും ശകുന്തള സ്‌റ്റൈലില്‍ കാല്‍വിരല്‍ കൊണ്ട് നിലത്ത് കളം വരയ്ക്കാനൊന്നും നിന്നില്ല അവന്‍. പകരം സകല ധൈര്യവും സംഭരിച്ച് മുന്നേ മൂന്ന് വാക്കുകളില്‍ സ്വയം പരിചയപ്പെടുത്തി: ‘രാജുമ്മാമയുടെ മരുമകനാണ്. രവി.’
ചിരി നിര്‍ത്താതെ, അത്ഭുതജീവിയെ നോക്കുംമട്ടില്‍ കുറച്ചുനേരം ആഗതകുമാരനെ അടിമുടി നോക്കി അമ്മായി. എന്നിട്ട് വാതില്‍ തുറന്നുപിടിച്ചുകൊണ്ട് പറഞ്ഞു: ‘അതേയോ, ന്നാല്‍ അകത്തു കടന്നുവര്വാ മരുമകാ..’
ആ മരുമകാ വിളി ഒന്നു മതിയായിരുന്നു എന്നിലെ സംശയാലുവിനെ എന്നന്നേക്കുമായി പടിക്ക് പുറത്താക്കി വാതിലടക്കാന്‍. ഉള്ളില്‍ ഒരുപിടി ആശങ്കകളുമായാണല്ലോ അവന്റെ വരവ്. പില്‍ക്കാലത്ത് ‘ദേവാസുര’നും മംഗലശ്ശേരി നീലകണ്ഠനുമായി വെള്ളിത്തിരയില്‍ നിറഞ്ഞ മുല്ലശ്ശേരിയുടെ പ്രതാപിയായ രാജ (ഗോപാല) കുമാരനെ കുറിച്ച് കുടുംബവൃത്തങ്ങളില്‍ നിന്ന് കേട്ടതെല്ലാം നടുക്കുന്ന കഥകള്‍ മാത്രം: രാജു ആള്‍ മഹാപിശകാണ്. ശരീരം ഒട്ടുമുക്കാലും തളര്‍ന്നു കിടപ്പാണെങ്കിലും ധിക്കാരി, ഗുണ്ടായിസക്കാരന്‍. അലവലാതികളുമായാണ് കൂട്ട്. സദാസമയവും മദ്യലഹരിയില്‍. ഭാര്യയും മോശമല്ല. അന്യായ ജാഡക്കാരി. നീ ചെന്നു നോക്ക്. വലിയ സ്വീകരണമൊന്നും പ്രതീക്ഷിക്കണ്ട. ചിലപ്പോള്‍ മൈന്‍ഡ് ചെയ്‌തെന്നേ ഇരിക്കില്ല — ചിലരൊക്കെ ഉപദേശിച്ചു.
എന്നാല്‍ ഞാന്‍ കണ്ടത് മറ്റൊരു മുല്ലശ്ശേരി; മറ്റൊരു രാജുമ്മാമ; മറ്റൊരു ബേബിമ്മായി. ഔപചാരികതക്കും നാട്യങ്ങള്‍ക്കും ഇടമില്ലായിരുന്നു അവരുടെ ലോകത്ത്. ചിരിയും കളിയും പാട്ടും സൗഹൃദങ്ങളും നിര്‍ദോഷ ഫലിതങ്ങളും മാത്രം നിറഞ്ഞ ജീവിതം. പുറംലോകത്തിന് വേണ്ടി മുല്ലശ്ശേരിയുടെ സ്‌നേഹവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു അവര്‍. കോടീശ്വരന്മാരെയും അഷ്ടിക്ക് വകയില്ലാത്തവരെയും ഒരേ മനസ്സോടെ സ്വീകരിച്ചു. അവര്‍ക്ക് ഭക്ഷണമൊരുക്കി.

ബേബി മുല്ലശ്ശേരി നടി രേവതിയോടൊപ്പം
നടീനടന്മാരും ഗായകരും സാഹിത്യനായകരും പോലീസ് ഉദ്യോഗസ്ഥരും ബ്യുറോക്രാറ്റുകളും മന്ത്രിമാരും ഭിഷഗ്വരരും കച്ചവടക്കാരും സാധാരണ സര്‍ക്കാര്‍ ജീവനക്കാരും തൊട്ട് കൂലിത്തല്ലുകാര്‍ക്കും ഭിക്ഷാടകര്‍ക്കും വരെ, ആര്‍ക്കും എന്നും ഏതു സമയത്തും കയറിച്ചെല്ലാമായിരുന്നു മുല്ലശ്ശേരിയില്‍. ആദ്യമായി ആ മുറ്റത്ത് കാലുകുത്തുന്നവരെ പോലും നിതാന്ത സുഹൃത്തുക്കളും ആരാധകരുമാക്കി മാറ്റുന്ന എന്തോ ജാലവിദ്യയുണ്ടായിരുന്നിരിക്കണം ഇരുവരുടെയും കൈവശം. ഒരിക്കല്‍ കാണുന്നവരെ വീണ്ടും വീണ്ടും തങ്ങളിലേക്ക് അടുപ്പിക്കുന്ന മാജിക്.
ആ ജാലവിദ്യയുടെ ‘ഗുണഭോക്താക്ക’ളില്‍ ഞാനുമുണ്ടായിരുന്നു; വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ നിന്ന് കോഴിക്കോട് നഗരത്തിന്റെ തിരക്കിലും ബഹളത്തിലും വന്നിറങ്ങി അന്ധാളിച്ചു നിന്ന പ്രീഡിഗ്രിക്കാരന്‍ പയ്യന്‍. എന്നും ആള്‍ക്കൂട്ടത്തില്‍ നിന്നകന്നു നില്‍ക്കാന്‍ മാത്രം മോഹിച്ച ഏകാകിയായ അവനെ ആള്‍ക്കൂട്ടങ്ങളുടെ ഭാഗമാക്കി മാറ്റി രാജുമ്മാമയും ബേബിമ്മായിയും. ഒപ്പം അവനില്‍ ആത്മവിശ്വാസം നിറച്ചു.
മുല്ലശ്ശേരിയുടെ അന്തരീക്ഷത്തില്‍ രാപ്പകലെന്നില്ലാതെ അലയടിച്ച സംഗീതമാണ് അവനെ പാട്ടുകളുടെ നിത്യകാമുകനാക്കിയത്; പാട്ടിനെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചതും. പില്‍ക്കാലത്ത് അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ പലരേയും അവന്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ആ വീട്ടില്‍ വെച്ചാണ് — യേശുദാസും ജയചന്ദ്രനും ചിത്രയും സുജാതയും രഘുകുമാറും രഞ്ജിത്തും ജയരാജൂം ഉള്‍പ്പെടെ.
സ്വന്തം വീടിനേക്കാള്‍ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട് മുല്ലശ്ശേരിയില്‍. ജീവിതത്തിലെ എല്ലാ വേദനകളും നിരാശകളും നെടുവീര്‍പ്പുകളും ഉപേക്ഷിച്ചുപോരാന്‍ ഒരു ഇടം. വാരാന്ത്യങ്ങളില്‍ ഉച്ചയൂണ് അവിടെയായിരുന്നു വര്‍ഷങ്ങളോളം; ചിലപ്പോഴൊക്കെ ഉച്ചയുറക്കവും. പാതിരാവോളം നീളുന്ന സംഗീത സദിരുകളുടെ ഭാഗമാകാനുള്ള ഭാഗ്യം അതിനു പുറമെ. വിവാഹത്തലേന്ന് പോലും എനിക്ക് വേണ്ടി അവിസ്മരണീയമായ ഒരു മെഹ്ഫില്‍ ഒരുക്കി മുല്ലശ്ശേരി. ബേബിമ്മായിയുടെ വിടര്‍ന്ന ചിരിയുടെ അകമ്പടിയോടെയല്ലാതെ ആ സുന്ദര മുഹൂര്‍ത്തങ്ങളൊന്നും ഓര്‍ത്തെടുക്കാനാവില്ല എനിക്ക്.
വര്‍ഷങ്ങള്‍ക്കു മുന്‍പൊരിക്കല്‍ രാജുമ്മാമയെ കണ്ട് മുല്ലശ്ശേരിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് കാതില്‍ : ‘ഈശ്വരവിശ്വാസിയല്ല ഞാന്‍. പ്രാര്‍ത്ഥിക്കാറുമില്ല. എങ്കിലും ആ മനുഷ്യനെ ഒന്ന് എഴുന്നേല്‍പ്പിച്ചു നടത്താന്‍ ഏതെങ്കിലും ദൈവത്തിനു കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നും പൂര്‍ണ്ണ ആരോഗ്യം കൊടുക്കുകയും വേണം. സ്വന്തം ഭര്‍ത്താവിനെ ഇത്രയേറെ കരുതലോടെ, ക്ഷമയോടെ, സ്‌നേഹത്തോടെ പരിചരിക്കാന്‍ കഴിയുമോ ആര്‍ക്കെങ്കിലും?’

മുല്ലശ്ശേരി രാജുവിനൊപ്പം യേശുദാസും രവി മേനോനും
ആ ക്ഷമയും കരുതലുമായിരുന്നു മുല്ലശ്ശേരിയുടെ രാജകുമാരന്റെ മുഖത്തെ മായാത്ത ചിരിയുടെ രഹസ്യവും. മൂന്ന് പതിറ്റാണ്ടോളം സ്വന്തം വീട്ടിലെ കിടപ്പുമുറിയുടെ ചുമരുകള്‍ക്കുള്ളില്‍ ശയ്യാവലംബിയായി രാപ്പകലുകള്‍ ചെലവഴിക്കേണ്ടി വന്നപ്പോഴും ജീവിതത്തെ വെറുത്തില്ല രാജുമ്മാമ. പകരം മതിമറന്നു സ്‌നേഹിക്കുക മാത്രം ചെയ്തു. ആ സ്‌നേഹത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും ഒരേയൊരാളായിരുന്നു: ബേബിമ്മായി എന്ന ലക്ഷ്മി രാജഗോപാല്‍.
വിളിപ്പുറത്ത് എന്നുമുണ്ടായിരുന്നു രാജുവിന് ബേബി. കട്ടിലിന്റെ തലയ്ക്കലിരുന്ന് ഉരുളയുരുട്ടി വായില്‍ വെച്ചുകൊടുക്കുമ്പോള്‍, കിടക്കയില്‍ നിന്ന് അതീവസൂക്ഷ്മതയോടെ ഭര്‍ത്താവിനെ എടുത്തുയര്‍ത്തി വീല്‍ചെയറിലേക്കും കമ്മോഡിലേക്കും മാറ്റുമ്പോള്‍, കുളിപ്പിക്കുമ്പോള്‍, തല തോര്‍ത്തുമ്പോള്‍, മുടി ചീകിയൊതുക്കുമ്പോള്‍, കുപ്പായം മാറ്റികൊടുക്കുമ്പോള്‍, കടുത്ത ശ്വാസം മുട്ടലില്‍ നിന്നുള്ള ആശ്വാസത്തിനായി ഇന്‍ഹേലര്‍ സ്‌പ്രേ ചെയ്തു കൊടുക്കുമ്പോള്‍, സിഗരറ്റിനു തിരികൊളുത്തി ചുണ്ടില്‍ വെച്ചുകൊടുക്കുമ്പോള്‍, കൃത്യതയോടെ മരുന്നുകള്‍ എടുത്തുകൊടുക്കുമ്പോള്‍, ഭാര്യ മാത്രമല്ല, അമ്മയും അമ്മമ്മയും ചേച്ചിയും അനിയത്തിയും കാമുകിയുമൊക്കെയായി മാറി അവര്‍. കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്ഭുതകരമായി തോന്നിയേക്കാവുന്ന പകര്‍ന്നാട്ടങ്ങള്‍.
കുസൃതിക്കാരന്‍ ഭര്‍ത്താവിനെ മരുമകന്റെ കയ്യിലേല്‍പ്പിച്ച് അമ്മായി അടുക്കളയിലേക്ക് പിന്‍വലിയുന്ന നിമിഷങ്ങളില്‍ രാജുമ്മാമ പറയും: ‘ബേബി ഈ ലോകം വിട്ട് പോകുന്നതിന് മുന്‍പ് എനിക്ക് പോണമെടോ. ദിവസവും പ്രാര്‍ത്ഥിക്കുന്നത് അതിനു വേണ്ടിയാണ്.’ അത് സ്വാര്‍ത്ഥതയല്ലേ രാജുമോനേ എന്ന് തമാശ കലര്‍ത്തി ചോദിച്ചിട്ടുണ്ട്, പല തവണ. അപ്പോഴൊക്കെ ഒരേയൊരു മറുപടി മാത്രം: ‘എന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോകുമ്പോള്‍ ആ പാവം അനുഭവിക്കാനിടയുള്ള സങ്കടം എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ. ഞാനാണ് ആദ്യം പോകുന്നതെങ്കില്‍ അത്രയും ദുഃഖിക്കേണ്ടി വരില്ലല്ലോ. കുറച്ചു കാലമെങ്കിലും ആ കുട്ടി സന്തോഷിക്കട്ടെ….’
ആഗ്രഹിച്ച പോലെ ആദ്യം യാത്രയായി രാജുമ്മാമ; ഒരു തൂവല്‍ പൊഴിയും പോലെ. മുല്ലശ്ശേരിയുടെ പൂമുഖത്ത് കൊച്ചുകുട്ടിയെപ്പോലെ കണ്ണടച്ചുറങ്ങിക്കിടന്ന ഭര്‍ത്താവിനരികില്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ നിശബ്ദയായി, നിസ്സംഗയായി ഏതോ വിദൂരബിന്ദുവില്‍ കണ്ണുനട്ടിരുന്ന അമ്മായിയുടെ ചിത്രം മറക്കാനാവില്ല. ചിരിയുടെ തിളക്കമില്ലാതെ ആ മുഖം കണ്ട അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്ന്. ആശങ്കയായിരുന്നു ഉള്ളില്‍: ഊണിലും ഉറക്കത്തിലും ശ്വാസോച്ഛ്വാസത്തില്‍ പോലും ഒപ്പമുണ്ടായിരുന്ന ആളുടെ അഭാവം, അത് പകര്‍ന്നുനല്‍കാനിടയുള്ള ഏകാന്തത, എങ്ങനെയാവും അമ്മായി മറികടക്കുക ? മകളും മരുമകനും പേരക്കിടാവുമെല്ലാം വിളിപ്പുറത്തുണ്ടെങ്കിലും, രാജുമ്മാമയാകാന്‍ കഴിയില്ലല്ലോ അവര്‍ക്കൊന്നും.
പക്ഷേ വിധി അമ്മായിക്ക് വേണ്ടി കരുതിവെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു കൂട്ടാളിയെയാണ്; അര്‍ബുദരോഗത്തെ. ഭര്‍തൃവിയോഗത്തിന് തൊട്ടു പിന്നാലെ വന്നണഞ്ഞ ഗുരുതരരോഗത്തെ അപാരമായ ആത്മവിശ്വാസം കൊണ്ടും ശുഭപ്രതീക്ഷ കൊണ്ടും ഡോ വി പി ഗംഗാധരന്‍ എന്ന ഈശ്വരതുല്യനായ ഡോക്റ്ററുടെ ഉറച്ച പിന്തുണ കൊണ്ടും അതിജീവിക്കാന്‍ ശ്രമിച്ചു ബേബിമ്മായി. ഇപ്പോഴും ആ ശ്രമം തുടരുന്നു അവര്‍.

മുല്ലശ്ശേരി രാജുവും ബേബിയും
‘എടാ നിന്റെ രാജുമ്മാമ ജീവനോടെയിരുന്നപ്പോള്‍ ഈ അസുഖം ആരും കണ്ടുപിടിച്ചില്ലല്ലോ. അതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. രാജുവേട്ടന്‍ യാത്രയായില്ലേ? ഇനി ഞാന്‍ മാത്രം അനുഭവിച്ചാല്‍ മതിയല്ലോ ഈ വേദന.’ — കണ്ണീരൊളിപ്പിച്ച ആ ചിരിയില്‍ കണ്ടത് ‘ദേവാസുര’ത്തിലെ ഭാനുമതിയെയല്ല; പ്രതിസന്ധികളെ പുഞ്ചിരി കൊണ്ടും സ്‌നേഹം കൊണ്ടും ഉറച്ച മനസ്സുകൊണ്ടും വകഞ്ഞുമാറ്റുന്നത് ശീലമാക്കിയ സാക്ഷാല്‍ ലക്ഷ്മി രാജഗോപാലിനെ.
പാട്ടിലും ഓര്‍മ്മകളിലും മുഴുകി കണ്ണടച്ചുകിടന്ന ഒരു രാത്രി ആത്മഗതം പോലെ രാജുമ്മാമ ഉരുവിട്ട വാക്കുകള്‍ ഇപ്പോഴുമുണ്ട് കാതില്‍: ‘സ്‌നേഹിക്കാന്‍ എളുപ്പമാണ്. സ്‌നേഹിക്കപ്പെടാനാണ് ബുദ്ധിമുട്ട്.’ ജീവിതമുയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും പരീക്ഷണങ്ങളേയും നിസ്വാര്‍ത്ഥ സ്‌നേഹം കൊണ്ടും ആത്മവിശ്വാസം കൊണ്ടും മറികടന്ന സാധാരണക്കാരനായ ഒരു അസാധാരണ മനുഷ്യന്റെ മഹത്തായ ജീവിത തത്വം.
ആ തത്വം തന്നെയാണ് ഇന്നു ബേബിമ്മായിയെ മുന്നോട്ട് നയിക്കുന്നതും; സ്‌നേഹിക്കാന്‍ ആരെങ്കിലുമൊക്കെ ചുറ്റുമുണ്ടല്ലോ എന്ന വിശ്വാസം. ‘എത്രയോ ആയുഷ്‌ക്കാലങ്ങളിലേക്കുള്ള അനുഭവങ്ങള്‍ ഈ ജന്മം എനിക്ക് സമ്മാനിച്ചു; എല്ലാവര്‍ക്കും കിട്ടില്ലല്ലോ ആ ഭാഗ്യം. ഇനിയുള്ള കാലവും എനിക്ക് ജീവിക്കാന്‍ ഓര്‍മ്മകള്‍ മാത്രം മതി. എന്റെ രാജുവേട്ടന്റെ മരിക്കാത്ത ഓര്‍മ്മകള്‍….’
സ്‌നേഹസുരഭിലമായ ആ പതിവു ചിരിയുണ്ടായിരുന്നു അത് പറയുമ്പോള്‍ ബേബിമ്മായിയുടെ മുഖത്ത് ; കണ്ണുകളില്‍ നേര്‍ത്തൊരു നനവും.
