ഡോ രോഹിണി / ഡോ രോഹിണി അച്ഛനോടൊപ്പം | Photo: Special Arrangement

WOMEN’S DAY SPECIAL

അതിരില്ലാത്ത ആകാശത്ത് ആവോളം പറന്നുനടക്കുന്നതിന്റെ സന്തോഷം ഡോ.രോഹിണിയ്ക്കറിയാം. തമിഴ്‌നാട്ടിലെ മണിമുത്താറിലെ താഴ് വരകളില്‍ ചെറുവിമാനങ്ങളില്‍ പറന്നുനടന്ന രോഹിണി ആ നാട്ടുകാര്‍ക്ക് അപരിചിതയല്ല.

2012-ല്‍ 42-ാമത്തെ വയസ്സിലാണ് ചെറുവിമാനങ്ങള്‍ പറപ്പിക്കാനുള്ള പൈലറ്റ് ലൈസന്‍സ് ഈ ദന്തഡോക്ടര്‍ നേടുന്നത്. അതിനും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പവേര്‍ഡ് പാരാ പ്ലെയിന്‍ എന്ന മോട്ടോര്‍ വിമാനം പറപ്പിക്കാനുള്ള പരിശീലനവും നേടി. ഈ വിമാനം പറപ്പിച്ച ഏഷ്യയിലെ ആദ്യ വനിത എന്ന നേട്ടവും രോഹിണിയ്ക്ക് സ്വന്തമാണ്.

വ്യോമസേനയില്‍ ഫൈറ്റര്‍ പൈലറ്റായിരുന്ന വിംഗ് കമാന്‍ഡര്‍ എസ്.കെ.ജെ നായരാണ് രോഹിണിയുടെ അച്ഛന്‍. കുട്ടിക്കാലത്ത് അച്ഛനൊപ്പം ഒരുപാട് ഫ്ളയിംഗ് ഗ്രൗണ്ടുകളില്‍ രോഹിണി പോയിട്ടുണ്ട്. ചെറിയവിമാനങ്ങളില്‍ അച്ഛന്‍ ചിലപ്പോള്‍ കുഞ്ഞുരോഹിണിയേയും കയറ്റി ആകാശത്ത് ഒന്നു കറങ്ങിയിട്ട് വരും. അന്നേ മനസ്സില്‍ കയറിയ ആഗ്രഹമാണ്. ‘വലുതാവുമ്പോള്‍ തനിയെ പറക്കണം.’

വലുതായപ്പോള്‍ ദന്തഡോക്ടറാണ് ആയത്. കുടുംബവും കുട്ടികളുമൊക്കെ ആയെങ്കിലും പറക്കണമെന്ന ആഗ്രഹത്തെ അങ്ങനെ വെറുതെ പറത്തിക്കളയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. നാഷണല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷന്‍ കേരള ചാപ്റ്ററിന്റെ സജീവാംഗമായിരിക്കെയാണ് എന്‍.എ.എഫിന് പറക്കാനായി ഒരു പവേര്‍ഡ് പാരാ പ്‌ളെയിന്‍ കിട്ടുന്നത്. ബക്കൈ എന്നായിരുന്നു ആ വിമാനത്തെ വിളിച്ചിരുന്നത്. ‘അച്ഛന്‍ ബക്കൈ പറത്താന്‍ തന്നെ തീരുമാനിച്ചു. കൂടെ ഞാനും റെഡിയായി. യു. എസില്‍ നിന്നുവന്ന ക്‌ളൈഡ് പോസര്‍ ആയിരുന്നു പരിശീലകന്‍. തമിഴ്‌നാട്ടിലെ മണിമുത്താറിലായിരുന്നു ഫ്‌ളൈയിംഗ് ഗ്രൗണ്ട്.

ബക്കൈ പഠിച്ചു കഴിഞ്ഞപ്പോഴാണ് മൈക്രോലൈറ്റ് (ചെറുവിമാനങ്ങള്‍) പറത്താനുള്ള ആലോചന വരുന്നത്. ബക്കൈയ്ക്ക് ലൈസന്‍സ് വേണ്ട. എന്നാല്‍ ചെറുവിമാനങ്ങള്‍ പറത്താന്‍ പൈലറ്റ് ലൈസന്‍സ് വേണം. മൈക്രോലൈറ്റ് പൈലറ്റ് ലൈസന്‍സ് കിട്ടാനുള്ള കടമ്പകള്‍ ഇത്തിരി കടുകട്ടിയാണ്. വെറുതെയൊന്നും ലൈസന്‍സ് കിട്ടില്ല. തിയറി പരീക്ഷകള്‍ പാസ്സായ ശേഷം എഫ്.ആര്‍.ടി.ഒ ലൈസന്‍സെടുക്കണം. ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ആണ് സര്‍ട്ടിഫിക്കറ്റ് തരുന്നത്.

അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പറക്കല്‍ പരിശീലന ക്‌ളാസുകളിലേക്ക് പോകാം. പരിശീലനത്തിനു ശേഷം 20 മണിക്കൂര്‍ പരിശീലകന്റെ കൂടെയും 20 മണിക്കൂര്‍ തനിയെയും പറന്നു കാണിക്കണം. ക്രോസ് കണ്‍ട്രി പറക്കലാണ് അവസാനത്തേത്. മീററ്റിലെ ഫ്‌ളൈയിംഗ് ഗ്രൌണ്ടില്‍ നിന്ന് അലിഗര്‍ വിമാനത്താവളത്തിലേക്കായിരുന്നു ക്രോസ് കണ്‍ട്രി പറക്കല്‍. അതിരാവിലെയായിരുന്നു ആ പറക്കല്‍. അതുവരെ ജി പി എസ് ഉപയോഗിക്കാത്ത ഞാന്‍ അന്നാദ്യമായാണ് ജി.പി.എസ് ഉപയോഗിച്ചത്. ലാന്റിംഗ് കരുതിയതിലും 20 മിനുട്ട് നേരത്തെ ആയിരുന്നു. അലിഗർ വിമാനത്താവളത്തില്‍ എനിക്ക് സിഗ്‌നല്‍ തരാന്‍ ഉള്ളവര്‍ ഞാന്‍ എത്തേണ്ട സമയത്തിനനുസരിച്ച് വരാമെന്ന് കരുതി ഇരിക്കുകയായിരുന്നു.

നേരത്തെ എത്തിയ ഞാന്‍ തിരിച്ചു സിഗ്‌നല്‍ കിട്ടാതെ പറന്ന് 2000 അടി ഉയരത്തിലെത്തി. 1000 അടി ഉയരത്തിലാണ് സാധാരണ മൈക്രോലൈറ്റുകള്‍ പറക്കാറ്. ഉയരം കുറച്ചു കൊണ്ടുവരുന്നതിനിടെ റണ്‍വേ കാണാനില്ല. അപ്പോഴാണ് ജി.പി. എസ് നോക്കേണ്ടി വന്നത്. തൊട്ടുതാഴെയായിരുന്നു റണ്‍വേ. ആശ്വാസത്തില്‍ പറന്നിറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് മാര്‍ഷല്‍ മാത്രമുണ്ട് എന്നെ സ്വീകരിക്കാന്‍. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. ഫ്‌ളയിംഗ് ലൈസന്‍സ് കിട്ടിയതോടെ ഡോ. രോഹിണി ക്യാപ്റ്റന്‍ രോഹിണിയായി. പിന്നീട് മഹരാഷ്ട്രയിലെ കാംഷെതില്‍ നിന്ന് പാരാ ഗ്‌ളൈഡിങ്ങ് പറക്കല്‍ പരിശീലനവും നേടി.

നാഷണല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരം ചാപ്റ്റര്‍ ഡയറക്ടര്‍ കൂടിയാണ് രോഹിണി. എന്‍എ എഫിന്റെ സാഹസിക ക്യാമ്പുകള്‍ക്കൊപ്പം കേരള സര്‍ക്കാറിന്റെ നേതൃത്വത്തിലെ അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊൈസറ്റിയുടെ ആക്ടിവിറ്റികള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള ചുമതലയും എന്‍.എ.എഫ് തിരുവനന്തപുരം ചാപ്റ്ററിനുണ്ട് . തെന്മലയിലും വയനാട്ടിലുമാണ് കൂടുതല്‍ സാഹസിക ടൂറിസം പദ്ധതികള്‍ ഇപ്പോള്‍ നടക്കുന്നത്.

രോഹിണിയുടെ അമ്മ കുമാരി. അനിയത്തി അനുപമയും കുടുംബവും മുംബൈയിലാണ്. ഭര്‍ത്താവ് ഡോ: രാധാകൃഷ്ണന്‍ കൊല്ലം അസീസിയ ഡന്റല്‍ കോളജ് പ്രിന്‍സിപ്പലാണ്.മക്കള്‍ ഡോ: രാധികയും റിതികയും വിവാഹിതരാണ്.ഡോ: രാം കേശവും സച്ചിന്‍ ഗെര്‍ഗുമാണ്‌ മരുമക്കള്‍. രുഹാനി പേരക്കുട്ടി.