Photo | ANI
ധരംശാല: ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാംദിവസവും മികച്ച കാഴ്ചകള്‍ സമ്മാനിച്ച് ഇന്ത്യന്‍ ടീം. സെഞ്ചുറിയോടെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നടത്തിയ വന്‍ കൂട്ടുകെട്ടില്‍ ഇന്ത്യ മികച്ച സ്‌കോറില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, രണ്ടാംദിനം ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 64 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സെടുത്തു. സെഞ്ചുറിയോടെ രോഹിത് ശര്‍മയും (103) ശുഭ്മാന്‍ ഗില്ലും (110) ആണ് ഔട്ടായത്. . യശസ്വി ജയ്‌സ്വാളിനെ (57) കഴിഞ്ഞദിവസം നഷ്ടമായിരുന്നു.
ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.
15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുല്‍ദീപിനായിരുന്നു. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റെടുത്തു.
അടിതെറ്റി ഇംഗ്ലണ്ട്
പന്തിനെയും പിച്ചിനെയും മനസ്സിലാക്കാതെയുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്. ഈ പിച്ചില്‍ ബാറ്റിങ് അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞുകാണും.
സാക് ക്രൗളിയും (79) ബെന്‍ ഡക്കറ്റും (27) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സിലെത്തിച്ചിരുന്നു.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് എറിഞ്ഞ ആദ്യ 14 ഓവറില്‍ വലിയ പരിക്കില്ലാതെ പിടിച്ചുനിന്നു. 18-ാം ഓവറില്‍ ബൗളിങ് തുടങ്ങിയ കുല്‍ദീപ് യാദവ് ആറാം പന്തില്‍ത്തന്നെ വിക്കറ്റെടുത്തു. തീര്‍ത്തും അക്ഷമനായ ഡക്കറ്റ് കൂറ്റന്‍ ഷോട്ടടിച്ച് ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി. രണ്ടാം വിക്കറ്റില്‍ ഒലി പോപ്പിനെ (11) കൂട്ടുപിടിച്ച് ക്രൗളി 100 റണ്‍സിലെത്തിച്ചു. കുല്‍ദീപിന്റെ പന്തില്‍ ക്രീസ് വിട്ടുവന്ന് പ്രഹരിക്കാന്‍ നോക്കിയ പോപ്പിനെ ധ്രുവ് ജുറെല്‍ സ്റ്റമ്പ് ചെയ്തു. ക്രൗളി ക്ലീന്‍ ബൗള്‍ഡായി. നൂറാം ടെസ്റ്റിന് ഇറങ്ങിയ ജോണി ബെയര്‍സ്റ്റോ 18 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 29 റണ്‍സിലെത്തിയപ്പോള്‍ ജുറെലിന് ക്യാച്ച് നല്‍കി. ആദ്യ നാലുവിക്കറ്റും കുല്‍ദീപിനായിരുന്നു. മൂന്നിന് 175-ല്‍ നില്‍ക്കേയാണ് ബെയര്‍സ്റ്റോ പുറത്തായത്. തുടര്‍ന്ന് ജോ റൂട്ടിനെ ജഡേജ എല്‍.ബി.യിലൂടെ മടക്കി. ബെന്‍ സ്റ്റോക്‌സ് (0) കുല്‍ദീപിന്റെ പന്തില്‍ എല്‍.ബി. ടോം ഹാര്‍ട്ലി (6), മാര്‍ക് വുഡ് (0) എന്നിവര്‍ അശ്വിന്റെ പന്തില്‍ ക്യാച്ചായി. ഇതോടെ, എട്ടിന് 183 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന് തിരിച്ചുവരാനായില്ല. ടീം ടോട്ടല്‍ 175-ല്‍ നില്‍ക്കേ തുടര്‍ച്ചയായി മൂന്നുവിക്കറ്റും 183-ല്‍ രണ്ടുവിക്കറ്റും വീണു. എട്ടുറണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഷോയിബ് ബഷീര്‍ 11 റണ്‍സുമായി പുറത്താകാതെനിന്നു.
ഇന്ത്യന്‍ സ്‌റ്റൈല്‍
തികഞ്ഞ ആത്മവിശ്വാസത്തില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. നാലാം ഓവറില്‍ മാര്‍ക് വുഡിനെതിരേ ഒരു ഫോറും ഒരു സിക്‌സും നേടി ആക്രമണം തുടങ്ങിയത് രോഹിത് ആയിരുന്നെങ്കിലും അത് ജയ്‌സ്വാള്‍ അനുകരിച്ചു.
ഒമ്പതാം ഓവറില്‍ ഷോയിബ് ബഷീറിനെതിരേ മൂന്നു സിക്‌സ് നേടിയ ജയ്‌സ്വാള്‍ ക്രീസില്‍നിന്നിറങ്ങി അമിത ആത്മവിശ്വാസത്തില്‍ ബാറ്റുവീശിയപ്പോള്‍ വിലകൊടുക്കേണ്ടിവന്നു. അഞ്ചു ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 57 ലെത്തിയപ്പോള്‍ ബഷീറിന്റെ പന്തില്‍ സ്റ്റമ്പ്ഡ് ആയി.
ഇതിനിടെ, ടെസ്റ്റില്‍ 1000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് (713) എന്ന റെക്കോഡും സ്വന്തമാക്കി. പരമ്പരയില്‍ ഏതൊരു ടീമിനെതിരേയും കൂടുതല്‍ റണ്‍സ് എന്ന സുനില്‍ ഗാവസ്‌കറുടെ റെക്കോഡിലേക്ക് (774) ചെറിയ ദൂരം മാത്രം. ഒപ്പം ഇന്നിങ്സ് അടിസ്ഥാനത്തില്‍, അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാം ഇന്ത്യക്കാരനായി. വിനോദ് കാംബ്ലി 14 ഇന്നിങ്സില്‍ 1000 തികച്ചപ്പോള്‍ 16-ാം ഇന്നിങ്സിലാണ് ജയ്സ്വാള്‍ 1000-ത്തിലെത്തിയത്.
